ചണ്ഡീഗഡ്: കൊവിഡ് കേസുകളിൽ വര്‍ധനവ് ഉണ്ടായതോടെ രാജ്യത്ത് ഓക്സിജന്‍ ക്ഷാമം വര്‍ധിച്ചിരിക്കുകയാണ്. ഓക്സിജന്‍ സിലിണ്ടറുകള്‍ വാങ്ങാന്‍ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. ഇതിനിടെ ഓക്‌സിജൻ സിലിണ്ടറുകൾക്കായി വന്‍ തുക ഈടാക്കിയുള്ള ചൂഷണവും നടക്കുന്നുണ്ട്. ഈ അവസ്ഥയിലാണ് ചണ്ഡീഗഡ് സര്‍ക്കാര്‍ പുതിയ സംവിധാനവുമായി എത്തിയിരിക്കുന്നത്. വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ ഓണ്‍ലൈന്‍ വഴി ഇ-പെര്‍മിറ്റ് വഴി ബുക്ക് ചെയ്യാം.
READ ALSO………ഓക്സിജന്‍ പ്ലാന്‍റ് ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മമതയുടെ കത്ത്
മെയ് 15 ന് രാവിലെ 11 മുതൽ ചണ്ഡീഗഡ് സര്‍ക്കാര്‍ വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിന്‍റെ (എൻഐസി) സഹായത്തോടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നതെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പിൽ പറഞ്ഞു. രോഗിക്ക് ഓക്സിജന്‍റെ ആവശ്യകതയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതിനായി ഡോക്ടറുടെ കുറിപ്പ് ആവശ്യമുണ്ട്. അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ അപേക്ഷകന് ഒരു സന്ദേശം ലഭിക്കും. അപേക്ഷാ നമ്പറിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് സിലിണ്ടറുകള്‍ വരെ ലഭിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ശൂന്യമായ സിലിണ്ടർ ഉണ്ടെങ്കിൽ, 295 രൂപയും 12 ശതമാനം ജിഎസ്ടിയും നല്‍കി സിലിണ്ടര്‍ നിറക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഓരോ ശൂന്യമായ സിലിണ്ടറിനും 25,000 രൂപ ഡെപ്പോസിറ്റ് നല്‍കണം. സിലിണ്ടര്‍ തിരികെ നല്‍കുമ്പോള്‍ പ്രതിദിനം 100 രൂപ വാടക ഈടാക്കിയ ശേഷം അവശേഷിക്കുന്ന ഡെപ്പോസിറ്റ് തിരികെ നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.