ന്യൂഡൽഹി :രാജ്യത്ത് കൊവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് ആഭ്യന്തര വിമാന സർവീസുകളുടെ പരമാവധി യാത്രാശേഷി 80 ശതമാനത്തിൽ നിന്ന് 50 ശതമാനമായി കുറയ്ക്കാനും യാത്രാനിരക്ക് 15 ശതമാനം വർധിപ്പിക്കാനും കേന്ദ്ര സർക്കാർ തീരുമാനം. ജൂൺ 1 മുതൽ ജൂലൈ 31 വരെയാണ് പുതുക്കിയ നിരക്ക് നടപ്പാക്കുന്നത്.
ആഭ്യന്തര വിമാനങ്ങളുടെ നിലവിലെ കുറഞ്ഞ അടിസ്ഥാന നിരക്ക് 2,200 രൂപ മുതൽ 7,200 രൂപ വരെയും പരമാവധി നിരക്ക് 7,800 രൂപ മുതൽ 24,200 രൂപ വരെയുമാണ്. എന്നാൽ പുതിയ നിരക്ക് നിലവിൽ വരുന്നതോടെ കുറഞ്ഞ വിമാനക്കൂലി 2,600 രൂപ മുതൽ 7,800 രൂപ വരെയും പരമാവധി 8,700 രൂപ മുതൽ 24,200 രൂപ വരെയും വർധിക്കും.
സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിങ് ഖരോളയുമായി എയർലൈൻസ് പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യത്തെ കൊവിഡിന്‍റെ രണ്ടാം തരംഗത്തെ നേരിടാൻ കേന്ദ്രത്തിൽ നിന്ന് സാമ്പത്തിക സഹായം തേടുകയും വിമാനങ്ങളുടെ ശേഷി 60 ശതമാനത്തിൽ താഴെയാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.