ന്യൂഡൽഹി : കൊവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്കുള്ള കേന്ദ്ര സർക്കാരിന്‍റെ ഇൻഷുറൻസ് പദ്ധതി 180 ദിവസത്തേക്ക് കൂടി നീട്ടി. 'പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ്' (പിഎംജികെപി) 2022 ഏപ്രിൽ 19 മുതൽ 180 ദിവസത്തേക്ക് കൂടി നീട്ടിയാണ് കേന്ദ്ര ഉത്തരവ്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലേർപ്പെട്ട് മരണം സംഭവിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആശ്രിതർക്ക് പരിരക്ഷ നൽകുന്നതാണ് പദ്ധതി.
ഇതുസംബന്ധിച്ച കത്ത്എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവർക്ക് അയച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, സ്വകാര്യ ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പടെ കൊവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ട് അതുവഴി മരണം സംഭവിച്ച ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി 2020 മാർച്ച് 30നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.