ദിസ്പൂർ:വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകൾ കണക്കിലെടുത്ത് വ്യാഴാഴ്ച മുതൽ അസമിൽ കർശന നിയന്ത്രണങ്ങൾ. സംസ്ഥാനത്തെ എല്ലാ കടകളും ഭക്ഷണശാലകളും ഉച്ചക്ക് ഒരു മണി വരെ തുറക്കാം. ഉച്ചയ്ക്ക് ഒന്നിന് ശേഷം ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.
പ്രതിവാര ചന്തകൾ 15 ദിവസത്തേക്ക് അടഞ്ഞുകിടക്കും. ഫാർമസികൾ, ആശുപത്രികൾ, മൃഗസംരക്ഷണ കേന്ദ്രങ്ങൾ, വെറ്ററിനറി ക്ലിനിക്കുകൾ എന്നിവ പ്രവർത്തിക്കും. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ദുർബല വിഭാഗങ്ങൾക്കുള്ള സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് സർക്കാർ പ്രഖ്യാപിക്കുമെന്നും ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തിരുന്നു.