ഗുവഹട്ടി: കൊവിഡ് രുക്ഷമാകുന്ന സാഹചര്യത്തിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും അസമിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏഴു ദിവസത്തെ നിർബന്ധിത ഹോം ക്വാറന്‍റൈന്‍ ഏർപ്പെടുത്തി അസം സർക്കാർ.
കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ പോലും ഇതരസംസ്ഥാനങ്ങളിൽ നിന്ന് വിമാനങ്ങളിലും ട്രെയിനുകളിലും എത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസത്തെ നിർബന്ധിത ഹോം ക്വാറന്‍റൈന്‍ ബാധകമാണെന്ന് സംസ്ഥാന സർക്കാർ ബുധനാഴ്ച പുറത്തുവിട്ട വിജ്ഞാപനത്തിൽ പറയുന്നു.
സർക്കാർ ഉദ്യോഗസ്ഥരെയും ആരോഗ്യ കാരണങ്ങളാൽ യാത്ര ചെയ്യുന്നവരെയും മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനം സന്ദർശിക്കുന്നവരെയും ഇതിൽ നിന്ന് ഒഴിവാക്കുമെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സമൂഹമാധ്യമമായ ട്വിറ്ററിൽ കുറിച്ചു.
സംസ്ഥാനത്തെ എല്ലാ വാർഡുകളിലും സ്‌ക്രീനിങ് സെന്‍ററുകൾ സ്ഥാപിച്ച് പരിശോധന വേഗത്തിലാക്കാൻ ആരോഗ്യവകുപ്പ് നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും ശർമ പറഞ്ഞു. ഗുവഹട്ടിയിലെ പ്രതിദിന കേസ് നിരക്ക് 1000 എത്തിയാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും അടയ്ക്കും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,665 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 9,048 സജീവ കേസുകളാണുള്ളത്. കൊവിഡ് ബാധിച്ച് അഞ്ച് പേർ മരിച്ചതോടെ മൊത്തം മരണസംഖ്യ 1,150 ആയി. മെയ് 1 മുതൽ 18 വയസ് മുതലുള്ളവർക്ക് സൗജന്യമായി വാക്സിന്‍ നൽകുമെന്ന് അസം സർക്കാർ പ്രഖ്യാപിച്ചിരുന്നു.