മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്‌ട്രയിൽ തിങ്കളാഴ്‌ച 5.34 ലക്ഷം പേർക്ക് വാക്‌സിൻ നൽകിയതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. 4913 വാക്‌സിനേഷൻ സെഷനുകളിലായാണ് വാക്‌സിനേഷൻ നൽകിയത്. ഇതോടെ ഇന്നലെ വരെ സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1,49,21,411 ആയി.
രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്ന് മഹാരാഷ്‌ട്രയാണ്. തിങ്കളാഴ്‌ച മാത്രം 66,191 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. ഇവയിൽ 832 പേർ ഗുരുതരാവസ്ഥയിലുള്ള രോഗികളാണ്. 61,450 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
കൂടുതൽ വായനക്ക്: രാജ്യത്ത് 3.23 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ്; 2771 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3.23 ലക്ഷം പുതിയ കൊവിഡ് കേസുകളും 2,700ലധികം മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. ആകെ ആക്‌ടീവ് കേസുകളുടെ എണ്ണം 28,82,204 ആണ്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,76,36,307 ആയി. ആകെ മരണം 1,97,894 ആണ്. ഇതുവരെ 1,45,56,209 പേർക്കാണ് രോഗം ഭേദമായത്.
തിങ്കളാഴ്‌ച 16,58,700 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 28,09,79,877 ആയി. കൂടാതെ രാജ്യത്ത് ഇതുവരെ നകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 16,52,71,186 ആണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.