ന്യൂഡല്‍ഹി: പതിനഞ്ച് മുതല്‍ പതിനെട്ട് വയസുവരെ പ്രായപരിധിയില്‍പ്പെട്ടവര്‍ക്ക് കൊവിഡ് വാക്സിനേഷന് ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന്‍ മാത്രമാണ് രാജ്യത്ത് നിലവില്‍ ലഭ്യമായിട്ടുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. അടുത്തമാസം ജനുവരി മൂന്ന് മുതലാണ് രാജ്യത്ത് ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനേഷന്‍ ആരംഭിക്കുക. രാജ്യത്ത് 15 മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ ഏഴ് മുതല്‍ എട്ട് കോടി വരെയുണ്ടെന്നാണ് ഏകദേശ കണക്ക്.
സൈഡസ് കാഡില്ലയുടെ കൊവിഡ് വാക്സിനായ സൈകോവ് ഡിക്ക് 12 വയസിന് മുകളിലുള്ളവരില്‍ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളുടെ അനുമതി കഴിഞ്ഞ ഓഗസ്റ്റ് 20ന് ലഭിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തെ കൊവിഡ് വാക്സിനേഷന്‍ പദ്ധതിയില്‍ ഈ വാക്സിന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച സൈകോവ് ഡി ലോകത്തിലെ തന്നെ ആദ്യത്തെ സൂചി ഉപയോഗിക്കാതെ വാക്സിനേഷന്‍ നടത്താന്‍ സാധിക്കുന്ന ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള വാക്സിനാണ്.
ALSO READ:ജനുവരിയോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് വിദഗ്ദ്ധര്‍
ആരോഗ്യപ്രവര്‍ത്തകര്‍ക്കും അറുപത് വയസിന് മുകളിലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും മൂന്നാമത്തെ കൊവിഡ് വാക്സിന്‍ ഡോസ് ലഭ്യമാക്കും. അവര്‍ സ്വീകരിച്ച അതെ വാക്സിന്‍ തന്നെയായിരിക്കും മൂന്നാമത്തെ ഡോസിനും ഉപയോഗിക്കുക. ഇവര്‍ക്ക് ജനുവരി പത്ത് മുതല്‍ മൂന്നാമത്തെ ഡോസ് നല്‍കി തുടങ്ങും.
രണ്ടാമത്തെ ഡോസും മൂന്നാമത്തെ ഡോസും തമ്മിലുള്ള ഇടവേള 9 മുതല്‍ പന്ത്രണ്ട് മാസം വരെയാകാനാണ് സാധ്യത. മൂന്നാമത്തെ ഡോസിന് രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി കൊ വിന്‍ പോര്‍ട്ടലില്‍ സൗകര്യമൊരുക്കും. 12 വയിന് മുകളിലുള്ള കുട്ടികളില്‍ കൊവാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത് ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ്.
ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാവരില്‍ അറുപത്തിയൊന്ന് ശതമാനത്തിന് മുകളില്‍ ആളുകള്‍ രണ്ട് ഡോസ് കൊവിഡ് വാക്സിനും 90 ശതമാനം ആളുകള്‍ ഒരു ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 141 കോടി കൊവിഡ് വാക്സിന്‍ ഡോസുകളാണ് രാജ്യത്ത് ഇതുവരെ നല്‍കപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും ശേഖരത്തില്‍ ഇപ്പോള്‍ 5 കോടി കൊവിഡ് വാക്സിന്‍ ഡോസുകളുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.