ഹൈദരാബാദ്: ഗുജറാത്തിലെ മാനനഷ്‌ട കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തടവു ശിക്ഷയും പിഴയും വിധിച്ച കോടതി വിധിയാണ് നിലവില്‍ രാജ്യത്തെ പ്രധാന ചര്‍ച്ച വിഷയം. ശിക്ഷ വിധിച്ച് അല്‍പസമയത്തിന് ശേഷം രാഹുലിന് ജാമ്യം ലഭിച്ചുവെങ്കിലും ശിക്ഷ വിധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും വരും ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി നേരിടേണ്ടി വന്നേക്കാവുന്ന അയോഗ്യതയും ചർച്ച വിഷയമാണ്. കര്‍ണാടക, മധ്യപ്രദേശ്, മിസോറം, ചത്തീസ്‌ഗഡ്, രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധിക്ക് കോടതിയില്‍ തിരിച്ചടി നേരിട്ടതെന്നും ശ്രദ്ധേയമാണ്.
വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യതയോ?:1951ലെ ജനാധിപത്യ നിയമപ്രകാരമുള്ള ശിക്ഷാവിധി രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കുവാനുള്ള സാധ്യതയുണ്ടെന്ന് നിയമവിദഗ്‌ധര്‍ പറയുന്നു. 8(3) വകുപ്പ് പ്രകാരം പാര്‍ലമെന്‍റിലെ ഏതെങ്കിലും അംഗം ഒരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ പാര്‍ലമെന്‍റിലെ പദവിയില്‍ നിന്ന് ആ വ്യക്തി അയോഗ്യനാക്കപ്പെടുമെന്ന് വകുപ്പില്‍ വ്യക്തമാക്കുന്നു. ഇതുപ്രകാരം രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ ലോക്‌സഭ നിയോജക മണ്ഡലമായ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുവാനുള്ള സാധ്യതയും ഏറെയാണ്.
അപ്പീല്‍ പോകും:വിധിക്കെതിരെ തങ്ങള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നിതനായി രാഹുലിന്‍റെ അഭിഭാഷകര്‍ അറിയിച്ചു. വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുവാനും നിലവിലെ ഉത്തരവിനെ മരവിപ്പിക്കുവാനും ശ്രമിക്കും. ഇത് സാധ്യമായില്ലെങ്കില്‍ സുപ്രീം കോടതിയില്‍ കേസുമായി മുന്നോട്ടുപോകുമെന്നും രാഹുലിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.
ഏതെങ്കിലും മേല്‍ക്കോടതികള്‍ ശിക്ഷാവിധി റദ്ദാക്കിയില്ലെങ്കില്‍ അടുത്ത എട്ട് വര്‍ഷത്തേയ്‌ക്ക് രാഹുലിന് തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വരും. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 499 പ്രകാരം മാനനഷ്‌ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച ഉത്തരവ് അപൂര്‍വങ്ങളിലൊന്നാണെന്ന് നിയമവിദഗ്‌ധര്‍ കണ്ടെത്തി. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രചാരണത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്.