ന്യൂഡല്‍ഹി : സുകേഷ് ചന്ദ്രന്‍ പ്രതിയായ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്‍റെ ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും. പ്രത്യേക ജഡ്‌ജിയായ ശൈലേന്ദ്ര മാലിക്, നടിക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സുകേഷ് ചന്ദ്രനും ഇഡിയ്‌ക്കും വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം കേട്ടതിന് ശേഷമായിരിക്കും കോടതി വിധി പറയുക.
സാമ്പത്തിക തട്ടിപ്പ് കേസ് : ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി വിധി നാളെ - ഇന്നത്തെ പ്രധാന വാര്‍ത്ത
സുകേഷ് ചന്ദ്രനും ഇഡിയ്‌ക്കും വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം കേട്ടതിന് ശേഷമായിരിക്കും സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ജാക്വിലിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക

നവംബര്‍ 24ന് കോടതി കുറ്റപത്രത്തെ അടിസ്ഥാനമാക്കി വാദം കേള്‍ക്കും. 50,000 രൂപ വ്യക്തിഗത ബോണ്ടിന്‍റെ അടിസ്ഥാനത്തില്‍ സെപ്‌റ്റംബര്‍ 26നാണ് കോടതി ജാക്വിലിന് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം ഓഗസ്‌റ്റ് 31ന് കോടതി പരിഗണിക്കുകയും ജാക്വിലിനോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി പലതവണ നടിക്ക് സമന്‍സ് അയച്ചിരുന്നുവെങ്കിലും അനുബന്ധ കുറ്റപത്രത്തില്‍ ആദ്യമായാണ് പ്രതി ചേര്‍ക്കപ്പെടുന്നത്. എന്നാല്‍, നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജാക്വിലിന്‍ കുറ്റാരോപിതയായിരുന്നില്ല. ജാക്വിലിന്‍റെയും നോറ ഫത്തേഹിയുടെയും മൊഴികളുടെ വിശദാംശങ്ങളും രേഖകളിൽ പരാമർശിച്ചിട്ടുണ്ട്.