മുംബൈ: റോഡപകടത്തെ ചൊല്ലിയുള്ള വാക്‌പോരിനെ തുടര്‍ന്ന് മറ്റൊരു വ്യക്തിയെ ആക്രമിച്ച കുറ്റത്തിന് പ്രതിയായ മുസ്‌ലിം യുവാവിന് തടവ് ശിക്ഷയ്‌ക്ക് പകരം രണ്ട് ചെടികള്‍ നടുവാനും 21 ദിവസം അഞ്ച് നേരം മുടങ്ങാതെ നിസ്‌കരിക്കുവാനും ഉത്തരവിട്ട് കോടതി. മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ മെലാഗാവേണ്‍ കോടതിയാണ് ഇത്തരത്തില്‍ വിചിത്രമായൊരു ശിക്ഷ വിധിച്ചത്. ഫെബ്രുവരി 27നായിരുന്നു മജിസ്‌ട്രേറ്റായ തേജ്‌വന്ത് സിങ് സന്തു ഉത്തരവിറക്കിയത്.
കുറ്റവാളി നിയമപ്രകാരം പ്രതി ചേര്‍ക്കപ്പെട്ട വ്യക്തി കുറ്റം ആവര്‍ത്തിക്കില്ലെന്ന് വ്യക്തമായാല്‍ ശാസനയോ താക്കീതോ നല്‍കി അവരെ വെറുതെവിടാനുള്ള അധികാരം മജിസ്‌ട്രേറ്റിനുണ്ട്. നിലവിലെ കേസില്‍ താക്കീത് കൊണ്ട് മാത്രം ഫലപ്രദമാകില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രതിയായ വ്യക്തി എല്ലാക്കാലവും തന്‍റെ തെറ്റ് ഓര്‍ക്കുവാനും അത് ആവര്‍ത്തിക്കാതിരിക്കുവാനുമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കോടതി വ്യക്തമാക്കി.
'എന്നെ സംബന്ധിച്ച് അനുയോജ്യമായ താക്കീത് നല്‍കുക എന്ന് വച്ചാല്‍ പ്രതി ചെയ്‌ത കുറ്റകൃത്യത്തെക്കുറിച്ച് അയാളെ ബോധ്യപ്പെടുത്തുക എന്നതാണ്. കുറ്റകൃത്യത്തില്‍ പ്രതിയ്‌ക്ക് കുറ്റബോധമുണ്ടായെന്നും ഒരിക്കലും അത് ആവര്‍ത്തിക്കില്ലെന്നും അയാള്‍ ഉറപ്പ് നല്‍കിയിരുന്നു'- വിധിയില്‍ പ്രസ്‌താവിക്കുന്നു.
റഹൂഫ് ഖാന്‍ എന്ന വ്യക്തിയാണ് 2010ല്‍ നടന്ന അപകടത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മറ്റൊരു വ്യക്തിയെ ആക്രമിച്ചത്. കേസിന്‍റെ വിചാരണ വേളയില്‍ താന്‍ നിരന്തരം നിസ്‌കരിക്കാറില്ലെന്ന് ഖാന്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് ഫെബ്രുവരി 28 മുതല്‍ 21 ദിവസത്തേയ്‌ക്ക് അഞ്ച് നേരം മുടങ്ങാതെ നിസ്‌കരിക്കുവാനും സോനാപൂര്‍ മസ്‌ജിതിന്‍റെ ചുറ്റുപാടുള്ള പ്രദേശത്ത് രണ്ട് മരതൈ നടുവാനും അത് പരിപാലിക്കുവാനും കോടതി ഉത്തരവിട്ടത്.
ഐപിസിയിലെ 323, 325, 504, 506 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഐപിസിയിലെ 323 വകുപ്പ് പ്രകാരം ഖാനെ കുറ്റക്കാരനാക്കിയ കോടതി മറ്റ് വകുപ്പുകളില്‍ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്‌തു.