ഹൈദരാബാദ് :Chopper Crash Enquiry :കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തെ പറ്റി ത്രിസേനാസംഘം നടത്തുന്നത് സമഗ്രമായ അന്വേഷണമെന്ന് എയർ ചീഫ് മാർഷൽ വിവേക് രാം ചൗധരി. അപകടം സംബന്ധിച്ച് ഇഴകീറി അന്വേഷണം നടത്താനാണ് നൽകിയിരിക്കുന്ന ഉത്തരവെന്നും അദ്ദേഹം ശനിയാഴ്ച പറഞ്ഞു. ദുണ്ടിഗലിലെ എയർഫോഴ്സ് അക്കാദമിയിൽ നടന്ന കംബൈന്‍ഡ് ഗ്രാജ്വേഷൻ പരേഡിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചൗധരി.
അന്വേഷണത്തിന് ഏതാനും ആഴ്ചകൾ കൂടി എടുക്കും. കോടതിയുടെ കണ്ടെത്തലുകളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കോടതിയുടെ കണ്ടെത്തലുകളൊന്നും തടയാനും വിചാരിക്കുന്നില്ല. ഇത് സമഗ്രമായ ഒരു പ്രക്രിയയാണ്. അദ്ദേഹത്തിന് (എയർ മാർഷൽ മാനവേന്ദ്ര സിങ്) നൽകിയിരിക്കുന്ന ചുമതല ഓരോ കോണിലും അന്വേഷണം നടത്തുകയും തെറ്റ് സംഭവിച്ചേക്കാവുന്ന എല്ലാ വശങ്ങളും പരിശോധിക്കുകയും ഉചിതമായ ശുപാർശകളും കണ്ടെത്തലുകളും നൽകുകയും ചെയ്യുക എന്നതാണെന്നും ചൗധരി പറഞ്ഞു.