തിരുവനന്തപുരം:കഴിഞ്ഞ ഒന്‍പത് മാസമായി ജയിലില്‍ കഴിയുന്ന മയക്കുമരുന്ന് വില്‍പനക്കാരന് ജാമ്യം നിഷേധിച്ച് കോടതി. കേശവദാസപുരം സ്വദേശി സജിയുടെ ജാമ്യമാണ് ആറാം അഡിഷണല്‍ സെഷന്‍സ് കോടതി നിഷേധിച്ചത്. ജയിലില്‍ വച്ച് ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
കേസ് പരിഗണിച്ച ജഡ്‌ജി കെ.വിഷ്‌ണുവാണ് ജാമ്യം നിഷേധിച്ചത്. മയക്കുമരുന്ന് വില്‍പ്പന കേസിലെ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അത് പൊതു സമൂഹത്തോട് ചെയ്യുന്ന അനീതിയാകുമെന്നും ഇത്രയധികം സുരക്ഷയുള്ള ജയിലില്‍ വച്ച് പോലും പ്രതി മയക്കുമരുന്ന് ഉപയോഗിച്ചത് നിസാരമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ ജയിലിലായിട്ടും പ്രതിയുടെ മയക്കുമരുന്ന് ശൃംഖലയുടെ കണ്ണികള്‍ മുറിഞ്ഞിട്ടില്ലെന്നും പറഞ്ഞാണ് കോടതി ഇയാളുടെ ജാമ്യം നിഷേധിച്ചത്.
കേസില്‍ പ്രതിയായ സജിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി നിയമിച്ച ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ കോടതിയില്‍ നേരിട്ടെത്തി വാദിച്ചിരുന്നു. കഴിഞ്ഞ ഒന്‍പത് മാസമായി തടവിലാണെന്നും പ്രതിക്ക് അയാളുടേതായ അവകാശമുണ്ടെന്നും കേസ് കെട്ടി ചമച്ചതാണെന്നും ഡിഫന്‍സ് കൗണ്‍സില്‍ കോടതിയില്‍ പറഞ്ഞു. അതേ സമയം പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ചീഫ് ഡിഫന്‍സ് കൗണ്‍സിലിന്‍റെ വാദം തളളിയാണ് പ്രതിയുടെ ജാമ്യം നിഷേധിച്ചത്.
ലഹരിയുടെ പിടിയിലമരുന്ന കൗമാര യവനങ്ങള്‍:കേരളം ഉള്‍പ്പെടെയുളള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മയക്കുമരുന്നിന്‍റെ ഉപയോഗവും വില്‍പനയും വര്‍ധിച്ച് വരികയാണ്. തിരിച്ചറിവിന്‍റെ പ്രായമെത്തും മുമ്പ് കൗമാര പ്രായത്തില്‍ തന്നെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ മയക്കുമരുന്ന് സംഘങ്ങള്‍ വേട്ടയാടി കൊണ്ടിരിക്കുകയാണ്. ചെറു പ്രായം മുതല്‍ ലഹരി ഉപയോഗിച്ച് വരുമ്പോള്‍ ആരോഗ്യ സ്ഥിതിയും അതിന് അനുസരിച്ച് മോശമായി കൊണ്ടിരിക്കും. മദ്യം അടക്കമുള്ള ലഹരി വസ്‌തുക്കളെല്ലാം ആരോഗ്യ പ്രശ്‌നക്കാര്‍ തന്നെയാണ്.