ന്യൂഡല്‍ഹി:ആംആദ്‌മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ റിമാന്‍ഡ് കാലവധി മാര്‍ച്ച് ആറ് വരെ ഡല്‍ഹി റോസ് അവന്യു കോടതി നീട്ടി. കേസ് മാര്‍ച്ച് 10ന് കോടതി വീണ്ടും പരിഗണിക്കും. ഡല്‍ഹി മദ്യ നയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്‌ത മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് സിസോദിയയെ കോടതിയില്‍ ഹാജരാക്കിയത്.
സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും മൂന്ന് ദിവസത്തെ കസ്റ്റഡികൂടി ലഭിക്കണമെന്നും വിചാരണ കോടതിയോട് സിബിഐ ആവശ്യപ്പെട്ടു. തന്നെ അന്വേഷണ ഏജന്‍സി മാനസികമായി പീഡിപ്പിക്കുകയാണെന്ന് സിസോദിയ കോടതിയില്‍ ആരോപിച്ചു. " ഒമ്പത് മുതല്‍ പത്ത് മണിക്കൂര്‍ വരെയാണ് അവര്‍ എന്നെ ദിവസവും ചോദ്യം ചെയ്യുന്നത്. ഒരേ ചോദ്യങ്ങള്‍ തന്നെ ആവര്‍ത്തിച്ച് ചോദിക്കുകയാണ്. ഇത് തികഞ്ഞ മാനസിക പീഡനമാണ്," സിസോദിയ കോടതിയില്‍ ആരോപിച്ചു.
റോസ് അവന്യു കോടതിയില്‍ ജാമ്യത്തിനായി സിസോദിയ സമീപിച്ചത് വെള്ളിയാഴ്‌ചയായിരുന്നു(03.03.2023). തന്‍റെ കസ്റ്റഡി തുടരുന്നത് കൊണ്ട് കേസന്വേഷണത്തിന് യാതൊരു ഗുണവും ഇല്ലെന്നും കേസുമായി ബന്ധപ്പെട്ട് കണ്ടെടുക്കാനുള്ള വസ്‌തുക്കളൊക്കെ കണ്ടെടുത്ത് കഴിഞ്ഞെന്നും അവകാശപ്പെട്ടാണ് സിസോദിയ ജാമ്യ അപേക്ഷയുമായി കോടതിയെ സമീപിച്ചത്. അതേസമയം ഡല്‍ഹിയില്‍ ആംആദ്‌മി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സിസോദിയയുടെ അറസ്റ്റില്‍ പ്രതിഷേധ പ്രകടനം നടത്തി. അവരുടെ ഡല്‍ഹിയിലെ ഓഫിസിന് മുന്നില്‍ വച്ചായിരുന്നു പ്രതിഷേധം പ്രകടനം നടത്തിയത്.
ഫെബ്രുവരി 26നാണ് സിബിഐ സിസോദിയയെ ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സിസോദിയ ഡല്‍ഹി ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെക്കുകയായിരുന്നു. സിബിഐ ആവശ്യപ്പെട്ടപ്പോഴൊക്കെ താന്‍ കേസുമായി സഹരിക്കുന്നുണ്ടെന്ന് സിസോദിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. താന്‍ ഡല്‍ഹിയിലെ ഉപമുഖ്യമന്ത്രി എന്ന നിലയില്‍ പ്രധാനപ്പെട്ട ഭരണഘടന പദവില്‍ ഇരുന്ന ആളും സമൂഹത്തില്‍ ആഴത്തില്‍ വേരുകളുള്ള വ്യക്തിയുമാണെന്നും ജാമ്യാപേക്ഷയില്‍ സിസോദിയ വ്യക്തമാക്കി.
ചോദ്യം ചെയ്യലുകള്‍ സിസിടിവിയില്‍ പകര്‍ത്തണം:സുപ്രീംകോടതി ഇറക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് റിമാന്‍ഡ് സമയത്തുള്ള എല്ലാ ചോദ്യം ചെയ്യലുകളും സിസിടിവി കവറേജില്‍ ആയിരിക്കണമെന്ന നിബന്ധനയോടെയാണ് മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ റോസ് അവന്യു കോടതി വിട്ടത്. ചോദ്യം ചെയ്യലിന്‍റെ സിസിടിവി ഫൂട്ടേജുകള്‍ റഫറന്‍സിനായി സൂക്ഷിച്ച് വെക്കാനും റോസ്‌അവന്യു കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.
സിസോദിയ കഴിഞ്ഞ രണ്ട് അവസരങ്ങളില്‍ അന്വേഷണത്തിന്‍റെ ഭാഗമായിരുന്നെങ്കിലും തന്നോട് ഉന്നയിക്കപ്പെട്ട ഏതാണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും തൃപ്‌തികരമായ ഉത്തരം സിസോദിയ നല്‍കിയിട്ടില്ലെന്നും വിചാരണക്കോടതി നിരീക്ഷിച്ചു. തനിക്കെതിരായി ഉയര്‍ന്ന തെളിവുകള്‍ ഖണ്ഡിക്കാന്‍ സിസോദിയയ്‌ക്ക് സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
സുപ്രീം കോടതി സിസോദിയയുടെ ജാമ്യാപേക്ഷ കേള്‍ക്കാന്‍ നേരത്തെ വിസമ്മതിച്ചിരുന്നു. തെറ്റായ ഒരു കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്നുള്ള കാരണം പറഞ്ഞാണ് ജാമ്യ ഹര്‍ജി സുപ്രീം കോടതി തള്ളിയത്. ജമ്യ ഹര്‍ജി വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.