ഷാജഹാൻപൂർ:ഷാജഹാൻപൂർ ജില്ലയിലെ ഗാഡിയ രംഗിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ കമിതാക്കളെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ആശിഷ് കുമാർ (25), ബണ്ടി (21) എന്നിവരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്‌ചയായിരുന്നു സംഭവം. ബണ്ടിയുടെ മൃതദേഹം സ്വന്തം വീടിന്‍റെ രണ്ടാം നിലയിൽ നിന്നാണ് കണ്ടെത്തിയത്. അതേസമയം യുവതിയുടെ വീടിന് 150 മീറ്റർ അകലെയായിരുന്നു ആശിഷിന്‍റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിനു പിന്നിൽ യുവതിയുടെ ബന്ധുക്കളാണെന്ന് ആശിഷിന്‍റെ പിതാവ് ആരോപിച്ചു. നിലവിൽ യുവതിയുടെ ബന്ധുക്കളിൽ പലരും ഒളിവിലാണ്.
ALSO READ:കുരുങ്ങൻമാർക്ക് എന്ത് ഒരു ലക്ഷം, നോട്ടുകെട്ട് വായുവിലെറിഞ്ഞ് ആഘോഷം: ദൃശ്യങ്ങൾ വൈറല്‍
കൊല്ലപ്പെട്ട ആശിഷ് നേരത്തേ വിവാഹിതനാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൂടാതെ രണ്ടാഴ്‌ച മുമ്പ് ഇയാൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചുവെന്നും പൊലീസ് പറയുന്നു. നവംബറിൽ ബണ്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിരുന്നു. എന്നാൽ ബണ്ടിയും ആശിഷും തമ്മിൽ കഴിഞ്ഞ ആറ് വർഷമായി പ്രണയബന്ധത്തിലായിരുന്നു.
ബന്ധം ഇരു കുടുംബങ്ങളും അറിഞ്ഞതോടെ കുടുംബങ്ങൾക്കിടയിൽ ഭിന്നതയുണ്ടാവുകയും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ബണ്ടിയുടെ ബന്ധുക്കളിൽ ചിലരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.