ബെംഗളൂരു : ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ദമ്പതികള്‍ ശ്വാസം മുട്ടി മരിച്ചു. ചാമരാജനഗര്‍ സ്വദേശി ചന്ദ്രശേഖര്‍, ഭാര്യ സുധാറാണി എന്നിവരാണ് മരിച്ചത്. ചിക്കജലയിലെ തരബനഹള്ളിയിലെ വാടക വീട്ടില്‍ ജൂണ്‍ 10നാണ് സംഭവം.
രാത്രിയില്‍ കുളിക്കാന്‍ പോയ ഇരുവരും ഗെയ്‌സര്‍ ഓഫാക്കാന്‍ മറന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാതില്‍ അടച്ച് കുളിക്കുന്നതിനിടെ ഗെയ്‌സര്‍ ഗ്യാസ് ലീക്കാവുകയും അത് ശ്വസിക്കുകയും ചെയ്‌തതാകാം മരണത്തിന് കാരണമെന്നും പൊലീസ് അറിയിച്ചു. ഞായറാഴ്‌ച രാവിലെ ഇരുവരും വീടിന് പുറത്ത് ഇറങ്ങുന്നത് കാണാതിരുന്നതോടെ സംശയം തോന്നിയ വീട്ടുടമ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഇരുവരെയും കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതോടെ വീട്ടുടമ ചിക്കജാല പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്‌തു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനയയ്ക്കുകയും മുറിയില്‍ പരിശോധന നടത്തുകയും ചെയ്‌തു.
മഹാരാഷ്‌ട്രയിലും അടുത്തിടെ സമാന സംഭവം : മുംബൈയിലെ ഘാട്‌കോപ്പറില്‍ നിന്ന് അടുത്തിടെയാണ് സമാന വാര്‍ത്ത പുറത്തുവന്നത്. ഇവിടെയും കുളിമുറിയിലെ ഗെയ്‌സര്‍ ഗ്യാസ് ലീക്കായതിനെ തുടര്‍ന്ന് ദമ്പതികള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. കുക്‌റേജ ടവേഴ്‌സില്‍ താമസിക്കുന്ന ദീപക് ഷാ ഭാര്യ ടീൻ ഷാ എന്നിവരാണ് ശ്വാസം മുട്ടി മരിച്ചത്.