മൊറാദാബാദ് : ഉത്തർപ്രദേശിൽ ദമ്പതികൾ വെടിയേറ്റ് മരിച്ചു. മൊറാദാബാദ് ജില്ലയിലെ താമസക്കാരായ അനേക് പാലും ഭാര്യ സുമനുമാണ് ചൊവ്വാഴ്‌ച (ജൂൺ 13) വെടിയേറ്റ് മരിച്ചത്. തർക്കത്തിനിടയിൽ അനേക് പാൽ ഭാര്യ സുമനെ കെട്ടിപ്പിടിച്ച് വെടിവച്ചതോടെ ഇരുവരുടെയും ശരീരത്തിലൂടെ വെടിയുണ്ട തുളച്ചുകയറുകയായിരുന്നു. മൊറാദാബാദ് ജില്ലയിലെ ബിലാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖാൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
അനേക് പാൽ ചൊവ്വാഴ്‌ച രാത്രി ഭാര്യ സുമനുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ അനേക് പാൽ സുമനെ കെട്ടിപ്പിടിച്ച ശേഷം വെടിയുതിർത്തു. ഇതോടെ വെടിയുണ്ട ഇരുവരുടെയും ശരീരത്തിലൂടെ തുളച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വെടിയൊച്ച കേട്ട് ഓടിക്കൂടിയ ആളുകളാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മരിച്ച ദമ്പതികൾക്ക് നാല് കുട്ടികളുണ്ട്. ചെറിയ കാര്യങ്ങളിൽ പോലും ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
വാക്കുതർക്കം, ഒൻപത് വയസുകാരിയെ അമ്മ കൊലപ്പെടുത്തി : ഉത്തർപ്രദേശിൽ ഒൻപത് വയസുകാരിയെ അമ്മ കൊലപ്പെടുത്തി. സുൽത്താൻപൂർ ജില്ലയിൽ ചൊവ്വാഴ്‌ചയാണ് (ജൂൺ 13) സംഭവം. കൃത്യം നടന്ന ദിവസം ഇവർ മകൾ പരിധിയുമായി വഴക്കിട്ടിരുന്നു. തുടർന്ന് യുവതി വാക്കുതർക്കത്തിനിടെ പച്ചക്കറി മുറിക്കുന്ന കത്തി ഉപയോഗിച്ച് മകളുടെ കഴുത്തറുക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം ചന്ദയിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു. തുടർന്ന്, ആരോഗ്യനില കണക്കിലെടുത്ത് സുൽത്താൻപൂരിലെ സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകും വഴി പെൺകുട്ടിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന്, ആംബുലൻസ് ഡ്രൈവർ പെൺകുട്ടിയെ ലംബുവ സിഎച്ച്‌സിയിലാക്കുകയും ചെയ്‌തു.
മെഡിക്കൽ കോളജിലേയ്‌ക്ക് ഉടൻ മാറ്റണമെന്ന് ലംബുവ സിഎച്ച്‌സിയിലെ ഡോക്‌ടർമാർ നിർദേശിച്ചെങ്കിലും പെൺകുട്ടി മരണപ്പെട്ടു. പരിധിയുടെ പിതാവ് രാഹുൽ പാണ്ഡെ നാല് വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ അമ്മ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ശേഷം മുംബൈയിൽ താമസമാക്കിയ ഇവർ മാനസിക പ്രശ്‌നങ്ങളെ തുടർന്ന് മൂന്ന് മാസം മുൻപ് മകളുമൊത്ത് ഉത്തർപ്രദേശിൽ തിരിച്ചെത്തി. തുടർന്ന് യുവതി പ്രയാഗ്‌രാജിൽ ചികിത്സ തേടിയിരുന്നു.
More read :Mother Killed Daughter | വാക്കുതർക്കം : 9 വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ :ഭാര്യയെയും മക്കളെയും ഉള്‍പ്പടെ നാലുപേരെ കൊലപ്പെടുത്തിയ ശേഷം 40കാരന്‍ ആത്മഹത്യ ചെയ്‌തു. ഖഗാരിയ ജില്ലയിലെ മന്‍സി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മുന്ന യാദവ് എന്നയാൾ ജീവനൊടുക്കുകയായിരുന്നു.
ഒരു കൊലക്കേസില്‍ പ്രതിയായിരുന്നു മുന്ന യാദവ് ഏറെ നാളായി ഒളിവിലുമായിരുന്നുവെന്നും അതിനിടെ കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ ഇയാള്‍ ഭാര്യയുമായി തർക്കത്തിലാകുകയും തുടർന്ന് ഭാര്യ പൂജ ദേവിയെയും (32) സുമൻ കുമാരി (18), അഞ്ചൽ കുമാരി (16), റോഷ്‌നി കുമാരി (15) എന്നീ പെണ്‍മക്കളെയും കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ രണ്ട് ആണ്‍മക്കള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
More read :Husband kills Wife and Daughters | ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌ത് 40കാരന്‍