രാജ്‌കോട്ട് : ഗുജറാത്തിൽ ഗില്ലറ്റിൻ ഉപയോഗിച്ച് ആത്മഹത്യ ചെയ്‌ത് ദമ്പതികൾ. അന്ധവിശ്വാസത്തിന്‍റെ പേരിൽ സ്വയം ബലി അർപ്പിച്ചതാണെന്നാണ് പൊലീസ് നിഗമനം. കർഷകനായ ഹേമു മക്വാനയും (38), ഭാര്യ ഹൻസബെൻ മക്വാനയുമാണ് (35) മരിച്ചത്.
രാജ്‌കോട്ടിലെ വിഞ്ചിയയിൽ ശനിയാഴ്‌ചയാണ് സംഭവം. നാട്ടുകാർ എത്തുമ്പോഴേക്കും തല ഉടലിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു. തങ്ങളുടെ മരണത്തിൽ ആരും ഉത്തരവാദികളല്ല എന്ന് രേഖപ്പെടുത്തിയ കുറിപ്പും പൊലീസ് കണ്ടെടുത്തു.
ബലി അർപ്പണത്തെ കുറിച്ചും ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ഗുജറാത്തി ഭാഷയിൽ എഴുതിയ കുറിപ്പിൽ ഹേമുവിന്‍റെ ഒപ്പും ഹൻസയുടെ പെരുവിരലിന്‍റെ അടയാളവും രേഖപ്പെടുത്തിയിരുന്നു. സ്വന്തം കൃഷി സ്ഥലത്ത് വച്ച് ഹോമകുണ്ഡം ഒരുക്കിയായിരുന്നു മന്ത്രവാദവും തുടർന്നുള്ള ബലിയും നടത്തിയത്.
മന്ത്രവാദത്തിനൊടുവിൽ സ്വയം ശിരസ്സ് അറുക്കുകയായിരുന്നു. ശിരഛേദം ചെയ്യാൻ ഗില്ലറ്റിൻ ആണ് ഉപയോഗിച്ചത്. ഇതിനായി ഇവർ ഗില്ലറ്റിൻ സ്വയം നിർമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ ഈ ഉപകരണവും പൊലീസ് കണ്ടെത്തി. ശിരസ്സ് ഹോമകുണ്ഡത്തിലേക്ക് വീഴുന്ന രീതിയിൽ ഗില്ലറ്റിൻ ഹോമകുണ്ഡത്തിന് സമീപം ക്രമീകരിച്ച നിലയിലായിരുന്നു.
ഭക്ഷ്യധാന്യങ്ങൾ പാക്ക് ചെയ്യുന്ന ചാക്ക് ഉപയോഗിച്ച് ദമ്പതികൾ കൃഷി സ്ഥലത്ത് ഒരു താത്കാലിക ക്ഷേത്രം ഒരു വർഷം മുൻപ് നിർമിച്ചിരുന്നു. ക്ഷേത്രത്തിൽ ചെളി കൊണ്ട് നിർമിച്ച ഒരു ശിവലിംഗം പ്രതിഷ്‌ഠിച്ച് ഇവർ ആരാധനയും നടത്തിയിരുന്നതായി ഗ്രാമവാസികൾ പറഞ്ഞു. സംഭവത്തിന് ഒരു ദിവസം മുമ്പ് ദമ്പതികൾ തങ്ങളുടെ കുട്ടികളെ മാതൃസഹോദരന്‍റെ സ്ഥലത്തേക്ക് പറഞ്ഞയച്ചതായി പൊലീസ് അറിയിച്ചു. ഇവിടെ നിന്നും ഞായറാഴ്‌ച തിരിച്ചെത്തിയ കുട്ടികളാണ് കൃഷിസ്ഥലത്ത് മാതാപിതാക്കളെ കഴുത്തറുക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തുടർന്ന് കുട്ടികൾ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഇരുവരുടെയും മൃതദേഹങ്ങൾ വിഞ്ചിയ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് മറ്റ് കുടുംബപ്രശ്‌നങ്ങളോ സാമ്പത്തിക ബാധ്യതകളോ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
Also read :'3 പാത്രങ്ങളിലായി വന്‍തോതില്‍ നിധിയുണ്ടെന്ന് സ്വപ്‌നം' ; ഒന്‍പതുകാരനെ കൊന്ന് ബലി നല്‍കിയ ദമ്പതികള്‍ പിടിയില്‍
എന്തിനാണ് നരബലി നടത്തിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ബലി നടത്താൻ ആരെങ്കിലും ദമ്പതികളെ പ്രേരിപ്പിച്ചോ എന്നും എന്ത് ഉദ്ദേശ്യത്തോടെയാണ് ഇത് നടത്തിയതെന്നും മറ്റ് കുടുംബാംഗങ്ങൾക്ക് താന്ത്രിക ആചാരങ്ങളെക്കുറിച്ച് അറിയാമായിരുന്നോയെന്നും അടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.