ന്യൂഡല്‍ഹി: ബോളിവുഡ് താരം സോനം കപൂറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് 2.4 കോടിയുടെ കവര്‍ച്ച നടത്തിയവർ പിടിയില്‍. ഇവരുടെ വീട്ടില്‍ ജോലി ചെയ്യുന്ന ഹോം നഴ്സ് അപര്‍ണ റൂത്ത് വില്‍സണ്‍, ഭര്‍ത്താവ് നരേഷ് കുമാര്‍ സാഗര്‍ എന്നിവരാണ് അറസ്റ്റിലായത്. സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജയുടെ മാതാപിതാക്കള്‍ താമസിക്കുന്ന അമൃത ഷെര്‍ഗില്‍ മാര്‍ഗിലുള്ള വസതിയില്‍ നിന്നാണ് പണവും ആഭരണങ്ങളും മോഷണം പോയത്.
സോനം കപൂറിന്റെ ഭര്‍തൃമാതാവിനെ ശുശ്രൂഷിച്ചിരുന്നത് അപര്‍ണ റൂത്ത് വില്‍സണ്‍ ആണ്. നരേഷ് കുമാര്‍ സാഗര്‍ ഷകാര്പുരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം ചൊവ്വാഴ്ച രാത്രി സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സരിത വിഹാറില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.