ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്(17.09.2022) 72ന്‍റെ നിറവില്‍ എത്തിയിരിക്കുകയാണ്. രാജ്യത്തെ ആശങ്കാജനകമായ തൊഴില്‍ സാഹചര്യം കണക്കിലെടുത്ത് യുവാക്കള്‍ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദേശീയ തൊഴില്‍രഹിത ദിനമായി ആചരിക്കുകയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വാഗ്‌ദാനം ചെയ്‌തത് പോലെ എല്ലാവര്‍ക്കും മോദി തൊഴില്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍.
നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ നിരവധി പ്രതിപക്ഷ നേതാക്കള്‍ ആശംസകളുമായി എത്തുക മാത്രമല്ല തൊഴിലില്ലായ്‌മക്കും വിലവര്‍ധനവിനും എതിരെ സംസാരിക്കാന്‍ പറ്റിയ അവസരമായി കണ്ട് മുതലെടുക്കുകയും ചെയ്‌തു. ജന്മദിനാശംസകളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമെത്തി.
'നരേന്ദ്ര മോദിക്കെതിരായി ഞങ്ങളുടെ പ്രത്യയശാസ്‌ത്രപരവും രാഷ്‌ട്രീയവുമായ പോരാട്ടങ്ങൾ തുടരുന്നു. ഞങ്ങൾക്കെതിരായി അദ്ദേഹത്തിന്‍റെ വ്യക്തിപരമായ പക ദിനംപ്രതി തീവ്രമാകുന്നു. എന്നിരുന്നാലും, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനത്തിൽ ആശംസകള്‍ നേരുന്നുവെന്ന്' കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ട്വീറ്റ് ചെയ്‌തു.
മോദിയുടെ ജന്മദിനത്തില്‍ ദേശീയ തൊഴില്‍രഹിത ദിനം:വികസനവും സാമൂഹിക ഐക്യവും കൊണ്ടുവരുന്നതിന് പകരം നമ്മുടെ പൗരന്‍മാരെ വലയം ചെയ്‌തിട്ടുള്ള അന്ധകാരം നീക്കി പ്രകാശം പരത്തുവാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന വിമര്‍ശനവുമായി ശശി തരൂര്‍ എംപിയുമെത്തി. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം സദ്‌ഭരണ ദിനവും, നെഹ്‌റുവിന്‍റെ ജന്മദിനം ശിശുദിനവും, ഇന്ദിരാഗാന്ധിയുടെ ജന്മദിനം സാമുദായിക സൗഹാർദ ദിനവും, രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്‌ഭവന ദിവസവുമായി ആചരിക്കുമ്പോള്‍ എന്നെ വേദനിപ്പിക്കുന്നത് മോദിജിയുടെ ജന്മദിനം ദേശീയ തൊഴില്‍രഹിത ദിനമായി യുവാക്കള്‍ ആചരിക്കുന്നതാണെന്ന് എഐസിസിയുടെ തലസ്ഥാനത്ത് വച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
'രാജ്യത്തിന്‍റെ യുവാക്കളില്‍ 60ശതമാനം പേരും തൊഴില്‍രഹിതരാണെന്നത് ചര്‍ച്ചാവിഷയമാകേണ്ടതാണ്. 24 വയസുള്ള യുവാക്കളില്‍ 42ശതമാനം പേര്‍ക്കും തൊഴിലില്ല. ഇത് നമ്മുടെ പ്രധാനമന്ത്രിക്ക് കൊവിഡിനോ റഷ്യ-യുക്രൈയ്‌ൻ യുദ്ധത്തിനോ പിന്നിൽ ഒളിപ്പിക്കാന്‍ കഴിയില്ല. കാരണം തൊഴിലില്ലായ്‌മ എന്ന പ്രശ്‌നം 45 വർഷത്തെ ഏറ്റവും ഉയർന്ന കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പ് തന്നെ ഉയർന്നു', സുപ്രിയ ശ്രീനേറ്റ് ചൂണ്ടികാട്ടി
'ഏറ്റവും പുതിയ തൊഴിലില്ലായ്‌മ നിരക്ക് 8.3 ശതമാനം എന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയെയും ജനസംഖ്യയെയും വളരെയധികം ആശങ്കപ്പെടുത്തുന്നു. എല്ലാ വര്‍ഷവും രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മോദി പറഞ്ഞിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ 22 കോടി പേര്‍ ജോലിക്കായി അപേക്ഷിച്ചിരുന്നു. എന്നാല്‍, വെറും ഏഴ് ലക്ഷം പേര്‍ക്കേ തൊഴില്‍ ലഭിച്ചിട്ടുള്ളു'.