ഹൈദരാബാദ്: കേന്ദ്ര സർക്കാരിന്‍റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്. ഉത്തരേന്ത്യയില്‍ ആരംഭിച്ച പ്രക്ഷോഭം രാജ്യമൊട്ടാകെ വ്യാപിക്കുകയാണ്. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഹിമാചല്‍പ്രദേശ്, ജാർഖണ്ഡ്, പശ്‌ചിമബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലാണ് പ്രതിഷേധം അതിരൂക്ഷമായത്.
തെലങ്കാനയിലെ സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിലും സംഘർഷത്തിലും പൊലീസ് വെടിവെയ്‌പ്പില്‍ ഒരാൾ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഹൈദരാബാദ് മെട്രോ സർവീസുകൾ അനിശ്‌ചിതകാലത്തേക്ക് നിർത്തിവെച്ചു.
അതോടൊപ്പം രാജ്യത്തെ നിരവധി റെയില്‍വെ സ്റ്റേഷനുകൾ പ്രതിഷേധക്കാർ കത്തിച്ചു. നിരവധി ട്രെയിനുകളും അഗ്‌നിക്കിരയാക്കി. 200ലധികം ട്രെയിൻ സർവീസുകൾ റെയില്‍വേ നിർത്തിവെച്ചു. ഈസ്റ്റ് കോസ്‌റ്റ്, സതേൺ റെയില്‍വേ സോണുകളില്‍ നിന്നുള്ള ഭൂരിപക്ഷം റെയില്‍ സർവീസുകളും ഇതോടെ നിശ്‌ചലമായി. 100 ലധികം ട്രെയിനുകൾ വഴിതിരിച്ചുവിടുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്‌തിട്ടുണ്ട്.