ഇംഫാൽ:മണിപ്പൂരിൽ വോട്ടെണ്ണലിന്‍റെ ആദ്യമണിക്കൂറില്‍ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം. ആദ്യഫലസൂചനകളിൽ നാല് സീറ്റുകളിൽ വീതമാണ് ഇരു പാർട്ടികളും ലീഡ് നിലനിർത്തുന്നത്.
മണിപ്പൂരിലെ 60 മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ 38 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 22 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. 265 സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്നതിനായി 1,247 പോളിങ് സ്റ്റേഷനുകളിലായി 8.38 ലക്ഷം വോട്ടർമാർ തങ്ങളുടെ ജനാധിപത്യാവകാശം വിനിയോഗിച്ചു.
READ MORE:മണിപ്പൂരിൽ ഭരണത്തുടർച്ച പ്രതീക്ഷിച്ച് ബിജെപി
12 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണൽ ബിജെപി, കോൺഗ്രസ്, നാഷണൽ പീപ്പിൾസ് പാർട്ടി, ജനതാദൾ (യുണൈറ്റഡ്) എന്നിവയുടെ നോമിനികൾ ഉൾപ്പെടെ 265 സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് വിധി നിർണയിക്കും. അതേസമയം മണിപ്പൂരിൽ ബിജെപിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് വിവിധ എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ പ്രവചിക്കുന്നത്. ബിജെപി 23 മുതൽ 43 വരെ സീറ്റുകൾ നിലനിർത്തുമ്പോൾ, കോൺഗ്രസ് നാല് മുതൽ 17 വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് സർവേ ഫലം.
മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ എൻ ബിരേൻ സിങ്, നിയമസഭാ സ്‌പീക്കർ വൈ ഖേംചന്ദ് സിങ്, ഉപമുഖ്യമന്ത്രിയും എൻപിപി സ്ഥാനാർഥിയുമായ യുമ്‌നം ജോയ്‌കുമാർ, മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ എൻ ലോകേഷ് സിങ് എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖ സ്ഥാനാർഥികൾ.