ചെന്നൈ: ജിഎസ്എൽവി MkIIIയുടെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ശനിയാഴ്‌ച പുലർച്ചെ 12.07ന് ആരംഭിക്കുമെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥൻ അറിയിച്ചു. നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡിന്‍റെ (വൺവെബ്) 36 ചെറിയ ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളുമായാണ് ജിഎസ്എൽവി MkIIIയുടെ വിക്ഷേപണം. ഒക്‌ടോബർ 23ന് ഈ ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തിൽ (ലോ എർത്ത് ഓർബിറ്റ്) എത്തിക്കുകയാണ് ലക്ഷ്യം.
ഇന്ത്യ ഭാരതി ഗ്ലോബലിന്‍റെയും ബ്രിട്ടീഷ് സർക്കാരിന്‍റെയും സംയുക്ത സംരംഭമാണ് വൺവെബ്. ആശയവിനിമയ സേവനങ്ങൾക്കായി 650 ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തിൽ എത്തിക്കുകയാണ് സാറ്റലൈറ്റ് കമ്പനിയായ വൺവെബ് ലക്ഷ്യമിടുന്നത്.
വിക്ഷേപണം ഞായറാഴ്‌ച പുലർച്ചെ: ഒക്‌ടോബർ 23ന് പുലർച്ചെ 12.07ന് ജിഎസ്എൽവി MkIIIയുടെ വിക്ഷേപണം ഉണ്ടാകുമെന്ന് ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നു. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ 24 മണിക്കൂറിന് മുൻപ് ആരംഭിക്കുമെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥൻ പറയുന്നു. റോക്കറ്റ്, ഉപഗ്രഹ സംവിധാനങ്ങൾ എന്നിവയുടെ പരിശോധന, റോക്കറ്റിനുള്ള ഇന്ധനം നിറയ്ക്കൽ എന്നിവ കൗണ്ട്ഡൗൺ സമയത്ത് നടക്കും. ഐഎസ്ആർഒയുട ചരിത്രത്തിൽ ആദ്യമായാണ് ജിഎസ്എൽവി റോക്കറ്റ് വാണിജ്യ വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്.
മൂന്ന് ഘട്ടങ്ങളായി വിക്ഷേപണം: മൂന്ന് ഘട്ടങ്ങളുള്ള ജിഎസ്എൽവി MkIII റോക്കറ്റിന്‍റെ ആദ്യഘട്ടം ഖര ഇന്ധനം ഉപയോഗിച്ചും രണ്ടാം ഘട്ടം ദ്രാവക ഇന്ധനം ഉപയോഗിച്ചും മൂന്നാം ഘട്ടം ക്രയോജെനിക് എഞ്ചിൻ ഉപയോഗിച്ചുമാണ് വിക്ഷേപിക്കുന്നത്. 10 ടൺ ഭാരം ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തിലേക്കും നാല് ടൺ ഭാരം ജിയോ ട്രാൻസ്‌ഫർ ഓർബിറ്റിലേക്കും വഹിക്കാനുള്ള ശേഷിയുള്ളതാണ് ജിഎസ്എൽവി MkIII റോക്കറ്റ്. റോക്കറ്റിൽ വിക്ഷേപിക്കപ്പെടുന്ന വെബ്‌വൺ ഉപഗ്രഹങ്ങളുടെ മൊത്തം വിക്ഷേപണ ഭാരം ആറ് ടൺ ആയിരിക്കും.
സ്വിസ് ആസ്ഥാനമായുള്ള ബിയോണ്ട് ഗ്രാവിറ്റി നിർമിച്ച ഡിസ്പെൻസർ സംവിധാനത്തിലായിരിക്കും 36 ഉപഗ്രഹങ്ങൾ. ബിയോണ്ട് ഗ്രാവിറ്റി നേരത്തെ 428 വൺവെബ് ഉപഗ്രഹങ്ങൾ ഏരിയൻസ്പേസിലേക്ക് വിക്ഷേപിക്കുന്നതിനുള്ള സാറ്റലൈറ്റ് ഡിസ്പെൻസറുകൾ നൽകിയിരുന്നു.