ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിച്ച് 50 മരണം. കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് ദുരന്തം. സംഭവത്തില്‍ 179 പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ കോറോമണ്ഡല്‍ എക്‌സ്‌പ്രസിന്‍റെ നിരവധി ബോഗികള്‍ പാളം തെറ്റി.
ബാലസോറിലെ ബഹാനാഗ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ ലോക്കല്‍ പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും ജില്ല കലക്‌ടര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇടിയുടെ ആഘാതത്തില്‍ പാളം തെറ്റി ബോഗികള്‍: ഒഡിഷയിലെ ബാലസോറില്‍ കോറോമണ്ഡല്‍ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചതോടെ കോറോമണ്ടല്‍ എക്‌സ്‌പ്രസിന്‍റെ നാല് ബോഗികളാണ് പാളം തെറ്റിയത്. പാളം തെറ്റിയ ബോഗികള്‍ക്കിടയില്‍പ്പെട്ട യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട 300 യാത്രക്കാരെ രക്ഷപ്പെടുത്തി. 500 ഓളം പേര്‍ ഇനിയും ട്രെയിനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.
അപകടത്തില്‍ പരിക്കേറ്റവരെ സോറോ സിഎച്ച്‌സി, ഗോപാൽപൂർ സിഎച്ച്‌സി, ഖന്തപദ പിഎച്ച്‌സി എന്നിവിടങ്ങളിലേക്ക് മാറ്റി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ 20 ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം സജീവം: ഭദ്രകില്‍ നിന്നുള്ള അഗ്നിശമന സേന യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നിരീക്ഷിക്കാൻ അഗ്നിശമന സേന മേധാവിയോട് ഒഡിഷ സർക്കാർ നിർദേശം നൽകി. ബാലസോർ മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്‌ധ ഡോക്‌ടര്‍മാരെയും സംഭവ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നവീൻ പട്‌നായിക് നാളെ സ്ഥലം സന്ദര്‍ശിക്കും. സംഭവവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി ഹെല്‍പ്പ് ലൈന്‍ ഡെസ്‌ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഹെൽപ് ലൈൻ നമ്പറുകൾ:
ഹൗറ ഹെൽപ് ലൈൻ നമ്പർ-033-26382217