മുംബൈ:മഹാരാഷ്‌ട്രയില്‍ അടിക്കടി രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ച്, മൂന്ന് വര്‍ഷത്തെ കാലയളവിനെ 'സംഭവ ബഹുലമാക്കിയാണ്' ഗവര്‍ണര്‍ പദവിയില്‍ നിന്നും ഭഗത് സിങ് കോഷിയാരിയുടെ ഇന്നത്തെ വിടവാങ്ങല്‍. 'എല്ലാ ഉത്തരവാദിത്തങ്ങളും വിട്ടൊഴിഞ്ഞ് ശിഷ്‌ടകാലം വായനയും എഴുത്തുമായി കഴിയാനാണ് തീരുമാനം' - മഹാരാഷ്‌ട്ര ഗവര്‍ണര്‍ സ്ഥാനത്തുനിന്നും തന്‍റെ രാജി സന്നദ്ധത അറിയിച്ചുകൊണ്ട് കോഷിയാരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ഇങ്ങനെയൊരു കത്ത് എഴുതിയിരുന്നു. പിന്നാലെ, അദ്ദേഹത്തിന്‍റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് വിവാദങ്ങളുടെ പ്രിയ തോഴനായ കോഷിയാരി ഈ പദവിയില്‍ നിന്നും പടിയിറങ്ങിയത്.
വിവാദങ്ങള്‍ തുടര്‍ക്കഥ, മാധ്യമങ്ങളിലെ സ്ഥിരം തലക്കെട്ട്:2019 സെപ്റ്റംബറിലാണ് ഭഗത് സിങ് കോഷിയാരി മഹാരാഷ്‌ട്ര ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ഇതേവര്‍ഷം തന്നെയാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്‍റേയും ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റേയും സത്യപ്രതിജ്ഞ ചടങ്ങുകൾ തിടുക്കത്തിൽ നടത്താന്‍ അദ്ദേഹം ഇടപെട്ടത്. പദവിയിലെത്തിയതിനെ തുടര്‍ന്ന് തിരികൊളുത്തിയ ആദ്യ വിവാദം. പിന്നാലെ, മറാത്ത രാജാവായിരുന്ന ഛത്രപതി ശിവാജിയെ 'ഭൂതകാലത്തിലെ നായകൻ' എന്ന് കോഷിയാരി വിശേഷിപ്പിച്ചു. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നടക്കം വന്‍ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
2019ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ശിവസേനയുമായി ബിജെപി തെറ്റിയതോടെ എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും ചുമതലയേറ്റു. പുലര്‍ച്ചെ രാജ്‌ഭവനിലെത്തിയായിരുന്നു ഈ 'മഹാ'രാഷ്‌ട്രീയ നീക്കം നടന്നത്. ബിജെപിയുടെ ഈ 'മിന്നല്‍ നീക്കത്തിന്' കോഷിയാരി കുടപിടിച്ചതോടെയാണ് മൂന്നാമത്തെ വിവാദം ഉടലെടുത്തത്.
സർക്കാർ രൂപീകരിക്കാനുള്ള പ്രധാന എതിരാളിയായി മഹാവികാസ് അഘാഡി സര്‍ക്കാര്‍ (എംവിഎ) ശക്തിപ്രാപിച്ചു. ഇതോടെ, ഫഡ്‌നാവിസ് സർക്കാര്‍ വെറും മൂന്ന് ദിവസത്തെ ആയുസില്‍ നിര്‍ജീവമായെങ്കിലും ഗവര്‍ണറുടെ നീക്കം കുറച്ചധികം സമയം 'എയറില്‍' നിന്നു. എന്‍സിപിയിലെ ഭൂരിപക്ഷത്തിന്‍റെ പിന്തുണ ലഭിക്കാത്തതായിരുന്നു സര്‍ക്കാര്‍ രൂപീകരണ നീക്കത്തിന് തിരിച്ചടിയായത്.
സര്‍ക്കാരിന്‍റെ തലവന്‍, 'വില്ലനായപ്പോള്‍':2019 സെപ്റ്റംബറിൽ എംവിഎ മന്ത്രിമാരുടെ സത്യപ്രതിജ്ഞയുടെ വേളയില്‍ കോഷിയാരി മറ്റൊരു വിവാദത്തിന് തിരികൊളുത്തി. കോൺഗ്രസ് മന്ത്രിയായിരുന്ന കെസി പദ്‌വിയെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കോഷിയാരി നിർബന്ധിച്ചതായിരുന്നു ഈ വിവാദം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാരുമായി നിരവധി ഏറ്റുമുട്ടലുകളാണ് കോഷിയാരി നടത്തിയത്. ഇത് പലപ്പോഴും ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരിലേക്ക് എത്തിച്ചു. കൊവിഡ് വ്യാപന സമയത്ത് ക്ഷേത്രങ്ങൾ അടച്ചിടുന്നതും ബാറുകൾ തുറന്നതും സംബന്ധിച്ച വിഷയത്തിലും എംവിഎ സർക്കാരിനെ ഗവര്‍ണര്‍ പരിഹസിച്ചു. താക്കറെ മതേതരനായി മാറിയോ എന്നതടക്കം ചോദിച്ചായിരുന്നു ഈ പരിഹാസ ശരം.