മുംബൈ: കൃത്യ സമയത്ത് വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് യുവതിക്ക് വിമാനം നഷ്‌ടമായ സംഭവത്തില്‍ ഊബറിന് 20,000 രൂപ പിഴയിട്ട് മുംബൈ ഉപഭോക്തൃ കോടതി. 2018 ജൂണ്‍ 12ന് മുംബൈയില്‍ നിന്ന് ചെന്നൈക്ക് പുറപ്പെടാനെത്തിയ യുവതിക്കാണ് വിമാനം നഷ്‌ടമായത്. തുടര്‍ന്ന് യുവതി പരാതി നല്‍കുകയായിരുന്നു.
യാത്രക്കാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാത്തതില്‍ കോടതി ഊബര്‍ കമ്പനിയെ കടുത്ത ഭാഷയില്‍ ശാസിച്ചു. മുംബൈ നഗരത്തിലെ വാഹനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് ടാക്‌സി വളരെ നേരത്തെ ബുക്ക് ചെയ്‌തിരുന്നു എന്നും എന്നാല്‍ ഡ്രൈവര്‍ വൈകിയാണ് വാഹനം എടുത്തതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഊബറിന്‍റെ സേവനം നല്ലതല്ലെന്ന് നിരീക്ഷിച്ച കോടതി യുവതിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഊബറിന് പിഴ ചുമത്തുകയായിരുന്നു.
ടാക്‌സി ബുക്ക് ചെയ്‌ത സ്ഥലത്ത് നിന്ന് മുംബൈ വിമാനത്താവളത്തിലേക്ക് 36 കിലോമീറ്റർ ആണ് ഉണ്ടായിരുന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ എത്താമായിരുന്നിട്ടും വിമാനത്താവളത്തിലേക്ക് എത്താന്‍ 20 മിനിറ്റ് വൈകി. കൂടാതെ ബുക്കിങ് സമയത്ത് ടാക്‌സി നിരക്ക് 563 രൂപയായിരുന്നു എന്നാല്‍ ഡ്രൈവര്‍ യുവതിയോട് 703 രൂപ ഈടാക്കി. അമിത നിരക്ക് ഈടാക്കിയതിനെ തുടര്‍ന്ന് യുവതി ട്വിറ്ററില്‍ കുറിപ്പ് പങ്കുവച്ചതോടെ ഊബര്‍ കമ്പനി യുവതിക്ക് 139 രൂപ തിരികെ നല്‍കി.
യുവതിക്ക് ഉണ്ടായ നഷ്‌ടത്തിന് ഉത്തരവാദി ടാക്‌സി ഡ്രൈവര്‍ മാത്രമാണെന്നും ഊബര്‍ കമ്പനിക്ക് അതില്‍ പങ്കില്ലെന്നും കമ്പനി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടു എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. യാത്രക്കാര്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കാതെ അമിത ചാര്‍ജ് ഈടാക്കുന്നതുള്‍പ്പെടെയുള്ള കുറ്റം ചെയ്യുന്ന ഊബര്‍ പോലുള്ള സേവനദാതാക്കള്‍ക്ക് കോടതി വിധി ഒരു പാഠമാണെന്ന് അഭിഭാഷകൻ നിതിൻ സത്പുതേ ഇടിവി ഭാരതിനോട് പറഞ്ഞു.