മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് സമ്മതിച്ചതായി കുറ്റപത്രം. അമേരിക്കയില്‍ ബിരുദ പഠനകാലത്ത് ഉറക്ക പ്രശ്നങ്ങളെ തുടര്‍ന്ന് കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് ആര്യന് ഖാന് മൊഴി നല്‍കിയതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. ലഹരിമരുന്ന് കേസില്‍ ആര്യന് ഖാന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എന്‍സിബി) കഴിഞ്ഞ ദിവസം ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
14 പേർക്കെതിരെയാണ് എന്‍സിബി മുംബൈ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. ആര്യന് ഖാന് ഉള്‍പ്പെടെ ആറ് പേർക്കെതിരെ തെളിവില്ലെന്നാണ് എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. 2021 ഒക്ടോബര്‍ രണ്ടിന് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ അര്‍ബാസ് മെർച്ചന്റിന്റെ പക്കല്‍ നിന്ന് ചരസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ആര്യന് ഖാനെ എന്‍സിബി അറസ്റ്റ് ചെയ്യുകയായിരുന്നു.
കഞ്ചാവ് വലിച്ച് തുടങ്ങിയത് പഠനകാലത്ത്:എൻസിബിക്ക് മുന്‍പാകെ നൽകിയ ഒരു മൊഴിയിൽ, 2018ൽ അമേരിക്കയില്‍ ബിരുദ പഠന കാലത്ത് കഞ്ചാവ് വലിക്കാൻ തുടങ്ങിയതായി ആര്യൻ ഖാൻ സമ്മതിച്ചു. ഉറക്കം സംബന്ധിച്ച് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കഞ്ചാവ് വലിക്കുന്നത് ഇതിന് പരിഹാരമാകുമെന്ന് ചില ഓണ്‍ലൈന്‍ ലേഖനങ്ങളില്‍ വായിച്ചുവെന്നും അതിനെ തുടര്‍ന്നാണ് ലഹരിമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്നാണ് ആര്യന് ഖാന് എന്‍സിബിക്ക് നല്കിയ മൊഴിയില്‍ പറയുന്നത്.
മറ്റൊരു മൊഴിയില്‍ തന്റെ മൊബൈൽ ഫോണിൽ കണ്ടെത്തിയ ലഹരിമരുന്നുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ചാറ്റ് നടത്തിയത് താനാണെന്ന് ആര്യൻ ഖാൻ സമ്മതിച്ചതായി എൻസിബി സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. ബാന്ദ്രയിലുള്ള ഒരു ഡീലറെ തനിക്ക് അറിയാമെന്നും എന്നാൽ സുഹൃത്ത് ആചിത്ത് വഴിയുള്ള പരിചയമായതില്‍ ഡീലറുടെ പേരോ സ്വദേശമോ അറിയില്ലെന്നുമാണ് ആര്യന് ഖാന് മൊഴി നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാന് മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ലെന്നും ആര്യന് ഖാനില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും ക്ലീന്‍ ചിറ്റ് നല്‍കുന്നതിനിടെ എൻസിബി വ്യക്തമാക്കിയിരുന്നു.
ആര്യന് ഖാന് മുന്നറിയിപ്പ് നല്കി: കേസില്‍ പ്രതിയായ അർബാസ് എ മര്‍ച്ചന്റ് തന്റെ പക്കല്‍ നിന്ന് കണ്ടെടുത്ത ആറ് ഗ്രാം ചരസ് ആര്യൻ ഖാന് വേണ്ടിയുള്ളതാണെന്ന് തന്റെ മൊഴികളിലൊന്നും പറഞ്ഞിട്ടില്ലെന്ന് തെളിഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു. ആര്യൻ ഖാനും തന്റെ മൊഴികളില്‍ ചരസ് തനിക്ക് വേണ്ടിയുള്ളതാണെന്ന് സമ്മതിച്ചിട്ടില്ല. 2021 ഒക്ടോബറില്‍ അർബാസ് നല്കിയ മൊഴിയില്‍ ആഡംബര കപ്പലിലേക്ക് ലഹരിമരുന്ന് കൊണ്ടുപോകരുതെന്ന് ആര്യൻ ഖാൻ മുന്നറിയിപ്പ് നൽകിയതായും കുറ്റപത്രത്തില്‍ പറയുന്നു.