ഭോപ്പാൽ : തനിക്കെതിരെ വിദേശത്തും ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹി - ഭോപ്പാൽ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തതിനാലാണ് ചിലർ തന്‍റെ ശവക്കുഴി തോണ്ടാൻ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നമ്മുടെ രാജ്യത്തിന്‍റെ കഴിവും ആത്മവിശ്വാസവുമാണ് വന്ദേ ഭാരത് എക്‌സ്‌പ്രസ് പ്രകടിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുൻ സർക്കാരുകൾ പൊതു പ്രീണനത്തിന്‍റെ തിരക്കിലായിരുന്നു. എന്നാൽ ഈ സർക്കാർ ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും തൃപ്‌തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണ്. വന്ദേ ഭാരത് ട്രെയിനുകൾ സാങ്കേതികമായി പുരോഗമിച്ചതും വൃത്തിയുള്ളതും സമയ ബന്ധിതവുമാണ് - മോദി വ്യക്‌തമാക്കി.
അതേസമയം ഉദ്‌ഘാടനത്തിന് ശേഷം കോണ്‍ഗ്രസിനെയും മോദി രൂക്ഷ ഭാഷയിൽ വിമർശിച്ചു. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ ഉദ്ഘാടനം ഏപ്രില്‍ ഒന്നിന് നിർവഹിച്ച വാർത്ത നാളെ പത്രങ്ങളിൽ വരുമ്പോൾ കോണ്‍ഗ്രസ് സുഹൃത്തുക്കൾ അത് മോദിയുടെ ഏപ്രിൽ ഫൂൾ പരിപാടിയാണെന്ന് പരിഹസിക്കുമെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
രാഹുൽ ഗാന്ധിക്കും വിമർശനം : 2014 മുതൽ തന്‍റെ പ്രതിച്ഛായ തകർക്കാൻ തനിക്കെതിരെ ചിലർ പ്രചാരണം നടത്തുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചു. വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ സർവീസ് ഏപ്രിൽ ഒന്നിന് തന്നെ ആരംഭിച്ചത് തങ്ങളുടെ അനുഭവ സമ്പത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും തെളിവാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഭോപ്പാലിലെ കുഷാഭൗ താക്കറെ ഹാളിൽ നടന്ന സംയുക്ത കമാൻഡേഴ്‌സ് കോൺഫറൻസ്-2023ലും പ്രധാനമന്ത്രി മോദി പങ്കെടുത്തിരുന്നു. 2023 മാർച്ച് 30 മുതൽ ഏപ്രിൽ 1വരെ മൂന്ന് ദിവസം നീണ്ടുനിന്ന സൈനിക കമാൻഡർമാരുടെ ത്രിദിന സമ്മേളനത്തിലാണ് മോദി പങ്കെടുത്തത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കോൺഫറൻസിൽ ചർച്ചയായിരുന്നു.