ന്യൂഡൽഹി: പോളണ്ടിൽ നിന്ന് 100 ഓക്സിജൻ കോൺസൺട്രേറ്റുകൾ ഡൽഹിയിലെത്തി. ഇന്ത്യയിൽ കൊവിഡ് മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പോളണ്ടിൽ നിന്നുള്ള 100 ഓക്സിജൻ കോൺസൺട്രേറ്റുകളാണ് വെള്ളിയാഴ്ച രാവിലെ രാജ്യ തലസ്ഥാനത്ത് എത്തിയത്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്നു. 100 ഓക്സിജൻ കോൺസൺട്രേറ്റുകൾ നൽകിയ യൂറോപ്യൻ യൂണിയന് നന്ദി പറയുന്നതായും എംഇഎ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
നെതർലൻഡിൽ നിന്ന് 449 വെന്‍റിലേറ്ററുകളും 100 ഓക്സിജൻ കോൺസൺട്രേറ്ററുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും കയറ്റുമതി ചെയ്യും. പിന്നീട് ശേഷിക്കുന്ന മെഡിക്കൽ സഹായങ്ങളും കയറ്റുമതി ചെയ്യും. നെതർലൻഡിൽ നിന്നുള്ള ഈ സഹായം വിലമതിക്കാത്തതാണെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.
അതേസമയം, സ്വിറ്റ്സർലൻഡിൽ നിന്ന് 600 ഓക്സിജൻ കോൺസൺട്രേറ്ററുകൾ, 50 വെന്‍റിലേറ്ററുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങളും വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെത്തി. സ്വിറ്റ്സർലൻഡിൽ നിന്നുള്ള സഹായം ഇന്ത്യൻ റെഡ് ക്രോസ് സ്വീകരിച്ചു.
കൂടുതൽ വായനയ്‌ക്ക്:ഓക്‌സിജനുമായി ഐഎൻഎസ് ഐരാവത് സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ടു
രാജ്യത്ത് പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ 40 രാജ്യങ്ങളാണ് ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വന്നത്. യുഎസ്, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യയ്‌ക്ക് വേണ്ട സഹായം നൽകുമെന്ന് അറിയിച്ചിരുന്നു. നേരത്തെ ജർമ്മനി 120 വെന്‍റിലേറ്ററുകൾ ഇന്ത്യയിലേക്ക് അയച്ചിരുന്നു. അയർലൻഡിൽ നിന്ന് 2 ഓക്സിജൻ ജനറേറ്ററുകളും 548 ഓക്സിജൻ കോൺസൺട്രേറ്ററുകളും 365 വെന്‍റിലേറ്ററുകളും കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ എത്തിയിരുന്നു.
അതേസമയം, രാജ്യത്ത് 4,14,188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി. കൊവിഡ് ബാധിച്ച് 3,915 കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2, 34,083 ആയി ഉയർന്നു. 3,31,507 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 1,76,12,351പേർക്കാണ് രോഗം ഭേദമായത്. രാജ്യത്ത് നിലവിൽ 36,45,164 ആക്‌ടീവ് കേസുകളാണുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 16,49,73,058 വാക്‌സിനുകൾ വിതരണം ചെയ്‌തു.