ന്യൂഡല്‍ഹി: പഞ്ചാബ് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഞായറാഴ്‌ച ചേരും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ നാളെ വൈകീട്ട് 4 ന് പാർട്ടി ആസ്ഥാനത്ത് യോഗം ചേരുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 2021 ഒക്‌ടോബറിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അവസാനമായി ചേര്‍ന്നത്.
പഞ്ചാബിൽ ഭരണം നഷ്‌ടമായ കോണ്‍ഗ്രസ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ നാല് സംസ്ഥാനങ്ങളിൽ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം ചേരുന്നത്. പഞ്ചാബില്‍ 2017ല്‍ 80 സീറ്റ് നേടി അധികാരത്തിലേറിയ കോണ്‍ഗ്രസിന് ഇത്തവണ 18 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.