ന്യൂഡൽഹി:തെരഞ്ഞെടുപ്പ് നടന്ന ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രവർത്തക സമിതി യോഗം ചേരാനൊരുങ്ങി കോൺഗ്രസ്. ഡിസംബർ 21 ന് എഐസിസി ആസ്ഥാനത്ത് ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്, മിസോറം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയും, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചർച്ച ചെയ്യുമെന്നാണ് വിവരം (Congress Working Committee on December 21).
പ്രവർത്തക സമിതിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള പ്രധാന നേതാക്കൾ സംബന്ധിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെപ്പറ്റി പ്രവർത്തക സമിതിയിൽ വിശദമായ ചർച്ചയുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
2024 ലെ തെരഞ്ഞെടുപ്പിന് മുൻപ് തൊഴിലില്ലായ്‌മയും വിലക്കയറ്റവും പ്രധാന ചർച്ചാവിഷയമാക്കി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജാഥ നടത്താനുള്ള സാധ്യതകളും യോഗത്തിൽ ചർച്ചയായേക്കും. ഭാരത് ജോഡോ യാത്രയുടെ മാതൃകയിലുള്ള കാൽനട ജാഥയാണ് പാർട്ടി ആലോചിക്കുന്നത്. പ്രവർത്തക സമിതിയിൽ യാത്രയുടെ കാര്യത്തിൽ അന്തിമ തീരുമാനംകൈക്കൊള്ളുമെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരം.
Also Read:അദാനിയുടെ ഇന്ത്യയും ജാതിസെന്‍സസും; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് മുൻപ് ഡിസംബർ 19 ന് ഇന്ത്യ മുന്നണിയുടെ നാലാമത് യോഗം ഡൽഹിയിൽ നടക്കുന്നുണ്ട്. ബിജെപിയെ നേരിടാനുള്ള പ്രധാന അജണ്ട തീരുമാനിക്കല്‍, സീറ്റ് വിഭജനം, സംയുക്ത റാലികൾ നടത്താനുള്ള പദ്ധതി എന്നിവ മുന്നണി യോഗത്തിൽ ചർച്ചയായേക്കും. "മെയിൻ നഹിൻ, ഹം" (ഞങ്ങൾ, ഞാനല്ല) എന്ന പ്രമേയത്തിലൂന്നിയാകും ഇന്ത്യ മുന്നണി ബിജെപിയെ നേരിടുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.