ന്യൂഡല്‍ഹി:കോണ്‍ഗ്രസ്പ്രവര്‍ത്തക സമിതി (Congress Working Committee) പുനസംഘടിപ്പിച്ച് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ (Mallikarjun kharge). കെസി വേണുഗോപാല്‍, ശശി തരൂര്‍, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ പ്രവര്‍ത്തക സമിതിയില്‍ (സിഡബ്ല്യുസി) ഇടംപിടിച്ചു. 2022 ഒക്‌ടോബറില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള നിര്‍ണായകമായ പ്രഖ്യാപനമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് നടത്തിയത്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് (Loksabha election 2024) മുന്നോടിയായാണ് സിഡബ്ല്യുസി പുനസംഘടന ഉണ്ടായത്. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (All india congress committee) (എഐസിസി) സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതിയാണ് പ്രവര്‍ത്തക സമിതി. 39 അംഗങ്ങളും 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളും ഉള്‍പ്പെട്ടതാണ് പുതിയ സമിതി. എകെ ആന്‍റണി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി, മനീഷ് തിവാരി, സിപിഐ വിട്ട് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിലെത്തിയ കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാക്കളാണ്.
തരൂരിനായി വാദിച്ച് ഖാര്‍ഗെയും സോണിയയും:പ്രവര്‍ത്തന പരിചയമുള്ള മുതിര്‍ന്ന നേതാവ് വേണമെന്ന ആവശ്യത്തെ തുടർന്നാണ് എകെ ആന്‍റണിയെ പ്രവർത്തക സമിതിയില്‍ നിലനിർത്തിയത്. അതേസമയം, സ്ഥിരം ക്ഷണിതാവാക്കിയതില്‍ ചെന്നിത്തല അതൃപ്‌തി അറിയിച്ചു. താന്‍ 19 വര്‍ഷമായി ഇതേ ചുമതലയില്‍ ഇരിക്കുകയാണെന്നും അദ്ദേഹം എഐസിസി തീരുമാനത്തില്‍ വിയോജിച്ചുകൊണ്ട് പറഞ്ഞു. തന്‍റെ അതൃപ്‌തി പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും പരസ്യ പ്രതികരണത്തിന് താനില്ലെന്നും ചെന്നിത്തല പറഞ്ഞു. ശശി തരൂരിനെ പ്രവര്‍ത്തന സമിതിയില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന നേതാവും മുന്‍ അധ്യക്ഷയുമായ സോണിയ ഗാന്ധി എന്നിവര്‍ ശക്തമായി വാദിച്ചുവെന്നാണ് വിവരം.