ന്യൂഡൽഹി:ഇന്ധനവില വർധനവിനും വിലക്കയറ്റത്തിനുമെതിരെ വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇവ പ്രധാന അജണ്ടയാക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. നവംബർ 14 മുതൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും ജില്ലാതലം മുതൽ സംസ്ഥാനതലം വരെ പദയാത്രയും റാലികളും സംഘടിപ്പിക്കുമെന്നും പാർട്ടി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ALSO READ: രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞെന്ന് ഭക്ഷ്യ മന്ത്രാലയം
അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മോശം പ്രകടനമാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നാണ് കോൺഗ്രസിന്‍റെ നിലപാട്. അതേസമയം കൊവിഡ് കാലയളവിൽ വർധിപ്പിച്ച എക്‌സൈസ് തീരുവ സർക്കാർ വെട്ടിക്കുറയ്ക്കുന്നതുവരെ ഈ വിഷയത്തിൽ പാർട്ടി പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
തുടർച്ചയായ ഇന്ധനവിലവർധനവിന് താൽകാലിക ആശ്വാസമായി ബുധനാഴ്ച പെട്രോളിന്‍റെ എക്‌സൈസ് തീരുവ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന്‍റെ എക്‌സൈസ് തീരുവ ലിറ്ററിന് പത്ത് രൂപയും കുറച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കിയിരുന്നു.