ന്യൂഡൽഹി : നിര്‍ണായക നിയമസഭ തെരഞ്ഞെടുപ്പുകളും ലോക്‌സഭ തെരഞ്ഞെടുപ്പും പടിവാതിൽക്കൽ നിൽക്കെ കോൺഗ്രസിന് തന്ത്രപ്രധാനമായ തങ്ങളുടെ 'വാർ റൂം' നഷ്‌ടമായേക്കും. കോൺഗ്രസിന്‍റെ രാജ്യസഭ എംപിയായ പ്രദീപ് ഭട്ടാചാര്യയ്‌ക്ക് (Pradeep Bhattacharya) അനുവദിച്ച, ന്യൂഡൽഹിയിലെ ഗുരുദ്വാര റകബ്‌ഗഞ്ച് റോഡിലുള്ള പതിനഞ്ചാം നമ്പർ വസതിയാണ് (15, GRG Road) കഴിഞ്ഞ 18 വർഷമായി കോൺഗ്രസ് 'വാർ റൂം' ആയി ഉപയോഗിച്ചിരുന്നത്. ഈ കെട്ടിടം നാളേക്കുള്ളില്‍ ഒഴിയണമെന്നാണ് കേന്ദ്രസർക്കാർ നൽകിയ നിര്‍ദ്ദേശം (Congress War Room Crisis- Central Govt Issues Notice To Vacate Building).
കഴിഞ്ഞ ഓഗസ്റ്റിൽ പ്രദീപ് ഭട്ടാചാര്യയുടെ കാലാവധി കഴിഞ്ഞതിന് പിന്നാലെ തന്നെ ഒഴിയാന്‍ നോട്ടീസ് നല്‍കിയിരുന്നു. നിർണായകമായ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളടക്കം നടക്കുന്നതിനാല്‍ നവംബര്‍ വരെ തുടരാന്‍ അപേക്ഷ നല്‍കിയെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. പുതുതായി രാജ്യസഭയിലെത്തിയ എംപി കാര്‍ത്തികേയ ശര്‍മ്മയുടെ (Karthikeya Sharma) പേരില്‍ ഈ വസതി അനുവദിക്കുകയും ചെയ്‌തു.
വാർ റൂം ഒഴിയാൻ നിർദേശം വന്നതോടെ കോൺഗ്രസിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. ഉള്ളിലേക്ക് മാറിയുള്ള കെട്ടിടമായതിനാലും മറ്റാളുകൾക്ക് പ്രവേശനമില്ലാത്തതിനാലും രഹസ്യ സ്വഭാവമുള്ള ചർച്ചകൾ നടത്താൻ പാര്‍ട്ടി ആസ്ഥാനത്തേക്കാള്‍ അനുയോജ്യമായിരുന്നു പ്രദീപ് ഭട്ടാചാര്യയുടെ വസതി. അതിനാൽ കഴിഞ്ഞ 18 വര്‍ഷമായി കോൺഗ്രസുമായി ബന്ധപ്പെട്ട പല നിര്‍ണായക തീരുമാനങ്ങളും ഇവിടെനിന്നാണ് ഉരുത്തിരിഞ്ഞത്.
'15, ജിആർജി റോഡിലെ ബംഗ്ലാവിന്‍റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ ഞാൻ കഴിഞ്ഞ രാജ്യസഭ സെക്രട്ടേറിയറ്റിന് (Rajya Sabha Secretariat) മൂന്ന് കത്തുകൾ എഴുതിയിരുന്നുവെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ഭാരതീയ ജനത പാർട്ടി (BJP) സർക്കാർ എന്ത് ചെയ്യുമെന്ന് ഞങ്ങൾക്കറിയില്ല. എനിക്ക് കാലാവധി നീട്ടി നല്‍കിയില്ലെങ്കില്‍ ഈ മാസം ഞങ്ങൾ സ്ഥലം ഒഴിയേണ്ടിവരും. ഞാൻ അവിടെ നിരവധി തന്ത്രപരമായ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്' - പ്രദീപ് ഭട്ടാചാര്യ ഇടിവി ഭാരതിനോട് പറഞ്ഞു.
Also Read: K Muraleedharan | 'അഞ്ച് സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിന് അനുകൂല സാഹചര്യം' ; ബിജെപിയുടെ പല്ലും നഖവും കൊഴിഞ്ഞെന്ന് കെ മുരളീധരന്‍
യുപിഎ സർക്കാരിന്‍റെ കാലത്ത് '15, ജിആർജി റോഡ്' പാർട്ടി സംവിധാനത്തിലെ ഒരു പ്രധാനപ്പെട്ട വിലാസമായിരുന്നെന്ന് മുൻ എംപിയായ ജയ് പ്രകാശ് അഗർവാളും (Jai Parkash Aggarwal ഓര്‍ത്തെടുത്തു. "സോണിയ ഗാന്ധിയും (Sonia Gandhi) രാഹുൽ ഗാന്ധിയും (Rahul Gandhi) ഉൾപ്പടെയുള്ള നമ്മുടെ മുൻനിര നേതാക്കളെല്ലാം പ്രധാന യോഗങ്ങൾക്കായി അവിടെ വരാറുണ്ടായിരുന്നു. ഞാനും അവിടെ പല യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്. സോണിയ ഗാന്ധിയുടെ അടുത്ത സഹായി അഹമ്മദ് പട്ടേലാണ് (Ahmed Patel) വാർ റൂം കൈകാര്യം ചെയ്‌തിരുന്നത്' - ജെപി അഗർവാൾ ഇടിവി ഭാരതിനോട് പറഞ്ഞു.
ചട്ടങ്ങൾ പ്രകാരം രാജ്യസഭ ഹൗസിംഗ് കമ്മിറ്റിയാണ് എംപിമാർക്ക് ബംഗ്ലാവുകൾ അനുവദിക്കുന്നത്, അംഗത്തിന്‍റെ കാലാവധി കഴിഞ്ഞാൽ അത് ഒഴിപ്പിക്കാനുള്ള അധികാരമുണ്ട്. എന്നാലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഹൗസിംഗ് കമ്മിറ്റി അധിക കാലയളവിലേക്ക് ബംഗ്ലാവ് ഉപയോഗിക്കാൻ അനുവദിച്ചേക്കാം, എന്നാൽ ഇതിന് മാർക്കറ്റ് നിരക്കിൽ വാടക ഈടാക്കും. ഈ വാടക പ്രതിമാസം ലക്ഷങ്ങളാണ്. രാജ്യസഭ ഹൗസിംഗ് കമ്മിറ്റിക്ക് വേണമെങ്കിൽ ഈ വസതി മറ്റൊരംഗത്തിന് അനുവദിക്കാമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
"പ്രദീപ് ഭട്ടാചാര്യക്ക് വസതിയുടെ കാലാവധി നീട്ടിനൽകാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്‍റെ കത്തുകൾക്ക് മറുപടി നൽകുമായിരുന്നു. അവർക്ക് ഇപ്പോൾ പോലും അത് ചെയ്യാൻ കഴിയും, പക്ഷേ കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകുമെന്ന് ഞങ്ങൾക്ക് അറിയില്ല" - ഒരു മുതിർന്ന എഐസിസി അംഗം പറഞ്ഞു.
Also Read: Congress Plans To Field Kharge In UP : ഖാര്‍ഗെയെ ഇറക്കി ഹിന്ദി ഹൃദയഭൂമി പിടിക്കാന്‍ കോണ്‍ഗ്രസ് ; ലക്ഷ്യം ദളിത് വോട്ടുകളുടെ ഏകീകരണം
നവംബറിൽ അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളും 2024 ൽ ലോക്‌സഭ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന് പുതിയ വാർ റൂം അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. റൂസ് അവന്യൂവിലെ പുതിയ കോൺഗ്രസ് ഓഫീസ് കെട്ടിടമോ ഏതെങ്കിലും നേതാക്കളുടെ വസതിയോ ആകും പുതിയ വാര്‍ റൂമിനായി പരിഗണിക്കുക എന്നാണ് പാർട്ടി വൃത്തങ്ങൾ നല്‍കുന്ന സൂചന. റൂസ് അവന്യൂവിലെ പുതിയ കോൺഗ്രസ് ഓഫീസ് മന്ദിരം പണികളെല്ലാം പൂര്‍ത്തിയായ നിലയിലാണ്. എന്നാൽ എഐസിസി ആസ്ഥാനം 24, അക്ബർ റോഡിൽ നിന്ന് റൂസ് അവന്യൂവിലേക്ക് എന്ന് മാറ്റുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്.