ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ പാര്‍ട്ടി ആസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ മര്‍ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. മോദി സര്‍ക്കാറിന്‍റെ നിര്‍ദേശ പ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഗുണ്ടായിസം നടത്തുകയാണെന്നും അതിന്‍റെ ഭാഗമായാണ് പ്രവര്‍ത്തകരെ അവര്‍ മര്‍ദിച്ചതെന്നും കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരം പൊലീസ് നടപടിക്കെതിരെ പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകള്‍ ബുധനാഴ്‌ച നിശബ്‌ദ പ്രതിഷേധം നടത്തുമെന്നും, വ്യാഴാഴ്‌ച(ജൂണ്‍ 16) രാവിലെ രാജ്യത്തുടനീളം രാജ്‌ഭവനുകള്‍ ഘരാവോ ചെയ്യുമെന്നും സുർജേവാല കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ സമാധാനപരമായി ഗാന്ധിയന്‍ രീതിയില്‍ പ്രതിഷേധിക്കുകയാണ്. എന്നാല്‍ പൊലീസിന്‍റെ ഇത്തരം ഗുണ്ടായിസവും പെരുമാറ്റവും അംഗീകരിക്കാനാവില്ലെന്നും സുർജേവാല പറഞ്ഞു.