ന്യൂഡൽഹി:രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പത്തില്‍ കേന്ദ്ര സർക്കാരിനെതിരെ പത്ത് ദിവസത്തെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ജൂലൈ 7 മുതൽ 17 വരെയാണ് രാജ്യവ്യാപകമായി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറുക.
കൊവിഡ് പകർച്ചവ്യാധി, വ്യാപകമായ തൊഴിലില്ലായ്മ, ശമ്പളം വെട്ടിക്കുറവ്, ഇന്ധന വില വർധനവ് എന്നിവ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ അവസ്ഥയ്‌ക്ക് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലായിരിക്കും പരിപാടികള്‍.
also read:പെട്രോൾ വില 103 കടന്ന് മുംബൈ: ലിറ്ററിന് 103.89 രൂപ, ഡീസലിന് 95.79 രൂപ
കോൺഗ്രസ് പാർട്ടി നേതാക്കൾ, എഐസിസി മുന്നണി സംഘടനകൾ, മഹിള കോൺഗ്രസ് നേതാക്കൾ, മറ്റ് പാര്‍ട്ടി അംഗങ്ങൾ എന്നിവർ സംയുക്തമായി പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ധനവില വർധനവിനെതിരെ ജില്ലാ തലത്തില്‍ സൈക്കില്‍ റാലി സംഘടിപ്പിക്കും. പാർട്ടി നേതാക്കളും തൊഴിലാളികളും റാലിയില്‍ പങ്കെടുക്കും. ഇതിനൊപ്പം സംസ്ഥാനതലത്തിൽ മാർച്ചും സംഘടിപ്പിക്കും. ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള എല്ലാ പെട്രോൾ പമ്പുകളിലും ഒപ്പ് കാമ്പയിൻ നടത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേർന്ന പാർട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് രാജ്യവ്യാപക പ്രതിഷേധത്തിനുള്ള തീരുമാനമെടുത്തത്. കൊവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു യോഗം ചേർന്നത്.