ന്യൂഡൽഹി : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 'സമാന ചിന്താഗതിയുള്ള' പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുടെ യോഗം ഉടൻ വിളിക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ശ്രമം. ഇപ്പോൾ നടക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന 19 പാർട്ടികളിലെ പ്രതിനിധികളെയാണ് ഇതിനായി ക്ഷണിക്കാനൊരുങ്ങുന്നത്.
പ്രതിപക്ഷ ഐക്യത്തിന് വിത്തിട്ട് അത്താഴ വിരുന്ന്:'പ്രതിപക്ഷത്തുള്ള ഉന്നത നേതാക്കളുടെ യോഗം വിളിക്കണമെന്ന പൊതുവായ ആവശ്യം ഉയർന്നിരുന്നു. ഞങ്ങൾ അതിനായുള്ള ശ്രമത്തിലാണ്' - സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്. മാർച്ച് 27ന് പ്രതിപക്ഷ പാർട്ടികൾക്കായി മല്ലികാര്‍ജുന്‍ ഖാർഗെ ഒരുക്കിയ അത്താഴ വിരുന്നിനിടെയാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം.
2019ലെ 'മോദി' പരാമര്‍ശത്തിലെ മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധി മാർച്ച് 23നാണ് വന്നത്. 24ാം തിയതി എംപി സ്ഥാനത്തുനിന്നും അദ്ദേഹം അയോഗ്യനാക്കപ്പെടുകയും ചെയ്‌തു. ഇതേതുടര്‍ന്ന്, മാര്‍ച്ച് 27നാണ് കോൺഗ്രസ് അധ്യക്ഷൻ പ്രതിപക്ഷ നേതാക്കള്‍ക്ക് അത്താഴ വിരുന്നൊരുക്കിയതും 'ഐക്യം' സംബന്ധിച്ച ചര്‍ച്ചയ്‌ക്ക് കളമൊരുങ്ങിയതും.
'മിഷന്‍ 2024' സംബന്ധിച്ച് യോഗത്തിൽ നിരവധി ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും അതെല്ലാം വെളിപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നാണ് ഖാർഗെയുടെ അത്താഴ വിരുന്നിൽ പങ്കെടുത്ത എഐസിസി നേതാക്കള്‍ വ്യക്തമാക്കിയത്. ഈ യോഗത്തിൽ രാഹുലും തന്‍റെ ഭാഗം വിശദമാക്കിയിട്ടുണ്ട്. 'എന്നെച്ചൊല്ലി ഉള്ളതല്ല പോരാട്ടം. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുക എന്നതിനാണ് നമ്മള്‍ മുഖ്യപരിഗണന നല്‍കേണ്ടത്'- ഇതായിരുന്നു രാഹുലിന്‍റെ പക്ഷം. '19 പാർട്ടികളും ബിജെപിക്കെതിരായി ഒറ്റക്കെട്ടായുണ്ട്. ശിവസേനയും ഞങ്ങൾക്കൊപ്പമുണ്ട്' - കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് മേധാവി ജയറാം രമേശ് യോഗത്തില്‍ പറഞ്ഞു.
പാർലമെന്‍റ് സമുച്ചയത്തിനുള്ളിൽ ഖാർഗെ വിളിച്ച പ്രതിപക്ഷ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ 'സവർക്കർ' പരാമർശത്തെ തുടര്‍ന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വിട്ടുനിന്നിരുന്നു. എന്നാല്‍, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സേന നേതാവ് സഞ്ജയ് റാവത്തിനെ കാണുകയും സവര്‍ക്കര്‍ വിഷയത്തിലെ 'പിണക്കം' മാറ്റുകയും ചെയ്‌തിരുന്നു. അദാനി വിഷയത്തിൽ സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെപിസി) അന്വേഷണം ഒന്നിച്ച് ആവശ്യപ്പെടാന്‍ 19 പാർട്ടികൾ തമ്മിലുള്ള ഐക്യം ഗുണം ചെയ്യുമെന്ന വിലയിരുത്തലും കോണ്‍ഗ്രസിനുണ്ട്.
'കേന്ദ്രത്തിലെ ഒന്നിക്കല്‍ പ്രചോദനമാവും':അദാനി വിഷയത്തിൽ മോദിക്കും കേന്ദ്ര സർക്കാരിനുമെതിരായി ചോദ്യങ്ങൾ തൊടുത്തുവിട്ടതിന്‍റെ അനന്തരഫലമാണ് രാഹുലിന്‍റെ അയോഗ്യതയെന്നും ഈ യോഗത്തില്‍ പ്രതിപക്ഷത്തെ ധരിപ്പിക്കാന്‍ കോണ്‍ഗ്രസിനായി.'പ്രതിപക്ഷത്തെ രാഷ്‌ട്രീയ പാർട്ടികൾ ചില സംസ്ഥാനങ്ങളിൽ പരസ്‌പരം പോരടിക്കുന്ന സ്ഥിതിയുണ്ട്. സംസ്ഥാനങ്ങളിൽ ഭിന്നതയുണ്ടെങ്കിലും രാജ്യത്തെ ജനാധിപത്യത്തേയും ഭരണഘടനാസ്ഥാപനങ്ങളേയും സംരക്ഷിക്കാന്‍ എല്ലാവരും ഒന്നിക്കും. ദുഷ്‌ട ശക്തികൾക്കെതിരെ പോരാടുന്നതിന് നമുക്കെല്ലാവർക്കും അത് വലിയ പ്രചോദനമാണ്. തീർച്ചയായും ഇത് തെരഞ്ഞെടുപ്പിലെ സാധ്യതകള്‍ വര്‍ധിപ്പിക്കും.'- കെസി വേണുഗോപാൽ വിശദീകരിച്ചു.
'പാർലമെന്‍റിലുണ്ടായ തർക്കം സംബന്ധിച്ച വിഷയത്തില്‍ ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. ലോക്‌സഭയിൽ നിന്ന് രാഹുല്‍ അയോഗ്യനാക്കപ്പെട്ടതിനാൽ ലണ്ടനില്‍ നടത്തിയ പരാമർശത്തിൽ ഇനി ക്ഷമാപണത്തിന്‍റെ കാര്യമില്ല. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന ഞങ്ങളുടെ ആവശ്യം ഏപ്രിൽ മൂന്ന് തിങ്കളാഴ്‌ചയും തുടരും. ലോക്‌സഭ സ്‌പീക്കറും രാജ്യസഭ ചെയർമാനും പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല'- രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പായ ജയ്‌റാം രമേശ് പറഞ്ഞു.
'ദയവായി വിട്ടുവീഴ്‌ച ചെയ്യൂ, സംഗതി കുഴപ്പത്തിലാക്കരുത്', ഇങ്ങനെയാണ് ഒത്തുതീർപ്പിന് ശ്രമിക്കവെ രാജ്യസഭ ചെയർമാൻ ഞങ്ങളോട് പറഞ്ഞത്. ധനകാര്യ ബിൽ ചർച്ച കൂടാതെയാണ് കേന്ദ്രം പാസാക്കിയത്. മറ്റ് ചില നിയമനിർമാണങ്ങളും ഇതേ രീതിയിലൂടെ നടപ്പിലാക്കിയേക്കും. ഇത് പാർലമെന്‍റിലെ പ്രതിപക്ഷ ഐക്യം തകര്‍ക്കാനാണെന്നും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടുന്നു.