ബെംഗളൂരു/ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾക്കായി ഡി കെ ശിവകുമാർ ഇന്ന് ഡൽഹിയിൽ എത്തും. ഇന്നലെ ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ശിവകുമാർ പോയിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്ന എസ് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിലെത്തിയിരുന്നു. ഇന്നത്തെ ചർച്ചകൾക്കൊടുവിൽ സിദ്ധരാമയ്യയെ കർണാടകയുടെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തന്നെയാണ് സാധ്യത.
അതേസമയം കർണാടകയിലെ മുഖ്യമന്ത്രി ആരാകുമെന്നത് ഉൾപ്പടെ എല്ലാ കാര്യങ്ങളിലും ചൊവ്വാഴ്‌ച തീരുമാനമാകുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. 'മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള യോഗം നല്ല രീതിയിൽ പോകുന്നു. നാളെ എല്ലാം തീരുമാനിക്കും. മുതിർന്ന നേതാക്കൾ നാളെ എത്തും. ഖാർഗെജിയുമായി മുതിർന്ന നേതാക്കൾ ചർച്ച നടത്തും. നാളെത്തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും' - ഈശ്വർ പറഞ്ഞു.
അതേസമയം തിരക്കിട്ട ചര്‍ച്ചകള്‍ എഐസിസി ആസ്ഥാനത്ത് നടക്കവെയാണ് ഡി കെ ശിവകുമാര്‍ ഇന്നലത്തെ ഡൽഹി യാത്ര റദ്ദാക്കിയത്. ഇതോടെയാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീണ്ടത്. ആരോഗ്യ സംബന്ധമായ കാരണങ്ങളാലാണ് യാത്ര ഒഴിവാക്കിയതെന്നാണ് ഡി.കെ ശിവകുമാര്‍ അറിയിച്ചത്. എന്നാൽ പൊടുന്നനെയുള്ള ഈ പിൻമാറ്റം കർണാടക കോൺഗ്രസിൽ ചേരിതിരിവുകളുണ്ടെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
തീരുമാനം ഇന്ന് : കർണാടക മുഖ്യമന്ത്രി ആരാകണമെന്നതില്‍ തീരുമാനം ഹൈക്കമാൻഡിന് വിട്ടുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് ലെജിസ്ലേച്ചര്‍ പാർട്ടി (സിഎൽപി) യോഗം ഏകകണ്‌ഠേനയാണ് പാസാക്കിയത്. തുടർന്ന് ഹൈക്കമാൻഡ് സുശീൽകുമാർ ഷിൻഡെ, ജിതേന്ദ്ര സിംഗ്, ദീപക് ബാബരിയ എന്നിവരെ നിരീക്ഷകരായി നിയമിക്കുകയും ഇവർ ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് മല്ലികാര്‍ജുന്‍ ഖാർഗെയ്ക്ക് സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു.