ന്യൂഡൽഹി:ചെങ്കോലിനെക്കുറിച്ച് ബിജെപി ഉയര്‍ത്തുന്ന വാദങ്ങള്‍ വാട്‌സ്‌ആപ്പ് യൂണിവേഴ്‌സിറ്റി സിലബസിനെ ആശ്രയിച്ചാണെന്ന പരിഹാസവുമായി കോണ്‍ഗ്രസ്. ബ്രിട്ടീഷ് ഭരണകൂടത്തില്‍ നിന്നുള്ള അധികാര കൈമാറ്റത്തെ സൂചിപ്പിക്കുന്നതാണ് ചെങ്കോലെന്ന് നെഹ്‌റു വിശേഷിപ്പിച്ചതിന് തെളിവുകളില്ലെന്നും കോൺഗ്രസ് കമ്യൂണിക്കേഷൻ മേധാവി ജയ്‌റാം രമേശ് പറഞ്ഞു. പാര്‍ലമെന്‍റ് ഉദ്‌ഘാടനത്തില്‍ ചെങ്കോല്‍ സ്ഥാപിക്കുന്ന പ്രത്യേക ചടങ്ങ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ജയ്‌റാം രമേശ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്.
ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ബ്രിട്ടീഷ് ഭരണകൂടം അധികാരം കൈമാറിയതിന്‍റെ പ്രതീകമായി മൗണ്ട്ബാറ്റനോ രാജഗോപാലാചാരിയോ നെഹ്‌റുവോ ചെങ്കോലിനെ വിശേഷിപ്പിച്ചിട്ടില്ല. ഇതിന് യാതൊരുവിധ തെളിവുകളുമില്ല. വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള തെറ്റായ വിവരണങ്ങൾ ഉപയോഗിച്ചാണ് പുതിയ പാർലമെന്‍റ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്. അവകാശവാദങ്ങള്‍ പരമാവധിയില്‍ ഉപയോഗിച്ചിട്ടുണ്ട്, അതും കുറഞ്ഞ തെളിവുകൾ മാത്രം നിരത്തിക്കൊണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
'ആദ്യം കേന്ദ്രത്തിന്‍റെ മനസില്‍, പിന്നെ വാട്‌സ്‌ആപ്പിലേക്ക്..!':ചോള രാജാക്കന്മാര്‍ വിഭാവനം ചെയ്‌തതും തമിഴ്‌നാട്ടില്‍ നിർമിച്ചതുമായ ചെങ്കോൽ, 1947 ഓഗസ്റ്റിലാണ് ജവഹർലാൽ നെഹ്‌റുവിന് സമ്മാനിച്ചത്. ഈ ചെങ്കോൽ ബ്രിട്ടീഷ് സർക്കാരിൽ നിന്ന് ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റത്തെ പ്രതിനിധീകരിക്കുന്നു എന്നത് പൂർണമായും വ്യാജമാണ്. ഇത്തരമൊരു ആശയം കേന്ദ്രം ഭരിക്കുന്ന ചുരുക്കം ചിലരുടെ മനസില്‍ ഉദിക്കുകയും പിന്നീട് വാട്‌സ്ആപ്പിലേക്ക് വ്യാപിക്കുകയുമാണ് ഉണ്ടായത്. 'അധികാര കൈമാറ്റം' എന്ന അവകാശവാദത്തെ സംബന്ധിക്കുന്ന വളരെക്കുറച്ച് തെളിവുകളേ ഉള്ളൂവെന്നും മാധ്യമ റിപ്പോർട്ട് ഉദ്ധരിച്ച് അദ്ദേഹം ട്വീറ്റ് ചെയ്‌തു.