ന്യൂഡല്‍ഹി:നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും തമ്മില്‍ അഭിപ്രായ ഭിന്നത. മധ്യപ്രദേശില്‍ സീറ്റ് വേണമെന്ന അഖിലേഷ് യാദവിന്‍റെ ആവശ്യം കോണ്‍ഗ്രസ് തള്ളി. ഉത്തര്‍ പ്രദേശിലെ 80 ലോക്‌സഭ സീറ്റുകളിലൂടെ തങ്ങള്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുപിയില്‍ തങ്ങള്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ ഊന്നുവടിയുടെ ആവശ്യമില്ലെന്നും എഐസിസി സെക്രട്ടറി പ്രദീപ് നർവാൾ.
ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പൊരുതാന്‍ രൂപം നല്‍കിയ ഇന്ത്യ സഖ്യത്തെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇല്ലാതാക്കിയെന്ന സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവിന്‍റെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്ഥാന യൂണിറ്റ് മേധാവിക്കെതിരെ എസ്‌പി നടത്തിയ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് എഐസിസി സെക്രട്ടറി പ്രദീപ് നര്‍വാള്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. എസ്‌പി യുപിയില്‍ മാത്രമായി പരിമിതപ്പെട്ടിട്ടുള്ളതാണ്. അവരുടെ ദേശീയ തലവന്‍ അവരുടെ സംസ്ഥാന യൂണിറ്റ് തലവനാണ്. എന്നാല്‍ കോണ്‍ഗ്രസ് ഒരു ദേശീയ പാര്‍ട്ടിയാണെന്നും പ്രദീപ് നര്‍വാള്‍ വ്യക്തമാക്കി.
ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നടന്ന ഇന്ത്യ സഖ്യത്തിന്‍റെ യോഗങ്ങളില്‍ പങ്കെടുത്ത എസ്‌പി അധ്യക്ഷന്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വേണ്ടിയാണ് സഖ്യമുണ്ടാക്കിയതെന്ന് അറിയണമായിരുന്നു. ഇത് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും നര്‍വാള്‍ പറഞ്ഞു. ഇന്ത്യ സഖ്യം 2024ലെ തെരഞ്ഞെടുപ്പിനുള്ളതാണ്.
യുപിയില്‍ പാര്‍ട്ടിക്ക് ഊന്നുവടികളൊന്നും ആവശ്യമില്ലെന്നും സംസ്ഥാനത്തെ 80 പാര്‍ലമെന്‍റ് സീറ്റുകളിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ തങ്ങള്‍ സ്വന്തം ശക്തിയില്‍ നേരിടും. എന്നാല്‍ സീറ്റ് വിഭജനത്തില്‍ ഞങ്ങളുടെ ദേശീയ നേതൃത്വം തീരുമാനിക്കുകയാണെങ്കില്‍ സാധ്യമാകുന്നയിടത്തെല്ലാം എസ്‌പിയെ സഹായിക്കുമെന്നും നര്‍വാള്‍ പറഞ്ഞു.