ന്യൂഡല്‍ഹി: രാജ്യത്ത് എൽപിജി വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ ആരോപിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഞായറാഴ്‌ച 102.50 രൂപ കൂട്ടിയതോടെ സിലിണ്ടർ വില 2,355.50 രൂപയായി ഉയര്‍ന്നിരുന്നു.
മാര്‍ച്ച് 1ന് വാണിജ്യ ഗ്യാസ് സിലിണ്ടറിന്‍റെ വില 105 രൂപ വര്‍ധിപ്പിച്ചു. ഏപ്രിലില്‍ ഇത് 250 രൂപയും മെയ് 1ന് 102.5 രൂപയുമാണ് വര്‍ധിപ്പിച്ചത്. എട്ട് മാസത്തിനിടെ വാണിജ്യ എല്‍പിജി സിലിണ്ടറിന്‍റെ വില 618.50 രൂപയാണ് വര്‍ധിച്ചത്.
ബാധിക്കുന്നത് ദരിദ്രരേയും തൊഴിലാളി വർഗത്തേയും: വിലവര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ദരിദ്രരേയും തൊഴിലാളി വർഗത്തേയുമാണ്. ഏകദേശം 2.1 കോടി തൊഴിലവസരങ്ങൾ കുറഞ്ഞുവെന്നും 45 കോടി ആളുകൾ ജോലി തേടുന്നത് നിര്‍ത്തിയെന്നുമാണ് സെന്‍റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി സർവേയുടെ റിപ്പോര്‍ട്ട്. ഇത് ആശങ്ക വര്‍ധിപ്പിക്കുകയാണെന്നും അല്‍ക്ക ലാംബ പറഞ്ഞു.