ന്യൂഡൽഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ബിജെപിയുടെ പങ്കാളിത്തത്തോടെ ഇസ്രായേലിൽ നിന്നുള്ള സ്ഥാപനം സ്വാധീനം ചെലുത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. അന്താരാഷ്‌ട്ര മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ചാണ് കോൺഗ്രസിന്‍റെ ആരോപണം. രാജ്യത്തെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ബിജെപി ഇത്തരത്തിൽ അന്താരാഷ്‌ട്ര സ്ഥാപനങ്ങളെ കൂട്ടുപിടിക്കാറുണ്ടെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കോൺഗ്രസ് മീഡിയ ഹെഡ് പവൻ ഖേരയും സോഷ്യൽ മീഡിയ മേധാവി സുപ്രിയ ശ്രിനേറ്റും പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ഇസ്രായേൽ സ്ഥാപനത്തെ കൂട്ടുപിടിക്കുന്നു: കോൺഗ്രസ്
സോഷ്യൽ മീഡിയ ഹാക്കിങ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിലൂടെ ലോകമെമ്പാടുമുള്ള 30ലധികം തെരഞ്ഞെടുപ്പുകളിൽ അട്ടിമറിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഇസ്രായേൽ സംഘടനയായ 'ടീം ജോർജ് ' ഇന്ത്യയിലെ തെരഞ്ഞെടുപ്പിലും ഇടപെട്ടിട്ടുണ്ടെന്നാണ് കോൺഗ്രസിന്‍റെ വാദം.
സോഷ്യൽ മീഡിയ ഹാക്കിങ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിലൂടെ ലോകമെമ്പാടുമുള്ള 30ലധികം തെരഞ്ഞെടുപ്പുകളിൽ അട്ടിമറിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഇസ്രായേൽ സംഘടനയായ 'ടീം ജോർജ് ' ഇന്ത്യയിലെ തെരഞ്ഞെടുപ്പിലും ഇടപെട്ടിട്ടുണ്ടെന്നാണ് കോൺഗ്രസിന്‍റെ വാദം. ഇസ്രായേൽ സംഘടന ഉണ്ടാക്കിയ വ്യാജ വാർത്തകൾക്ക് തെരഞ്ഞെടുപ്പ് സമയങ്ങളിൽ ബിജെപിയുടെ ഐടി സെല്ലും പാർട്ടി നേതാക്കളും വ്യക്തമായ പ്രചരണം നൽകിയിരുന്നെന്ന് ഇരുവരും പറഞ്ഞു.
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് കേംബ്രിഡ്‌ജ് അനലിറ്റിക്കയെ കൂട്ടുപിടിച്ചാണ് ബിജെപി കരുക്കൾ നീക്കിയത്. പെഗാസസ് സ്‌പൈവെയറിനെ കുറിച്ച് അന്വേഷിക്കുന്ന അന്വേഷണ സമിതിയ്‌ക്ക് പോലും നേരിട്ട് മറുപടി നൽകാതെ ബിജെപി ഒളിച്ചോടുകയാണ് ചെയ്‌തത്. വ്യാജ വാർത്ത പോർട്ടലായ പോസ്റ്റ് കാർഡ് ന്യൂസിന്‍റെ ഉടമ മഹേഷ് വിക്രം ഹെഗ്‌ഡെയ്‌ക്ക് ബിജെപിയിലെ പലരുമായും ബന്ധമുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു