ബെംഗളൂരു :ഒബിസി ലിസ്റ്റിൽ കാറ്റഗറി 2 ബിക്ക് കീഴിലുള്ള മുസ്ലിങ്ങൾക്കുള്ള സംവരണം എടുത്തുകളയാനുള്ള തീരുമാനത്തിൽ ബിജെപി നേതൃത്വത്തിലുള്ള കർണാടക സർക്കാരിനെതിരെ രംഗത്തെത്തി കോണ്ഗ്രസ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്തിയാൽ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സംവരണം പുനഃസ്ഥാപിക്കുമെന്ന് കോണ്ഗ്രസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് മുസ്ലിം ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം റദ്ദാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണമാണ് റദ്ദാക്കിയത്. ഇതോടെ ഇഡബ്ല്യുഎസ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ) ക്വാട്ടയിൽ മറ്റ് വിഭാഗങ്ങൾക്കൊപ്പം മാത്രമാണ് മുസ്ലിങ്ങൾക്ക് സംവരണം.
മുസ്ലിങ്ങളുടെ നാല് ശതമാനം ക്വാട്ടയെ വൊക്കലിഗകൾക്കും(2 ശതമാനം), ലിംഗായത്തുകൾക്കും (2 ശതമാനം) നൽകാനും തീരുമാനമായി. ഈ തീരുമാനത്തെ സംസ്ഥാനത്ത് രാഷ്ട്രീയമായി സ്വാധീനമുള്ള ഈ രണ്ട് സമുദായങ്ങൾ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ ഉയർത്തിക്കാട്ടി കോണ്ഗ്രസ് രംഗത്തെത്തിയത്.
വലിയ അനീതി : സർക്കാരിന്റെ നടപടി ഭരണഘടന വിരുദ്ധമാണെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാർ പറഞ്ഞു. സംവരണം ഒരു സ്വത്ത് പോലെ വിതരണം ചെയ്യാമെന്നാണ് സർക്കാർ കരുതുന്നത്. അതൊരു സ്വത്തല്ല. ഇത് ന്യൂനപക്ഷങ്ങളുടെ അവകാശമാണ്. അവർക്ക് അർഹതപ്പെട്ട അവരുടെ നാല് ശതമാനം സംവരണം ഒഴിവാക്കി മറ്റൊരു സമുദായത്തിനും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
കാരണം അവർ ഞങ്ങളുടെ സഹോദരങ്ങളും കുടുംബാംഗങ്ങളുമാണ്. വൊക്കലിഗകളും വീരശൈവ-ലിംഗായത്തുകളും ഈ ഓഫർ നിരസിക്കും. മുസ്ലിങ്ങളെ ഒബിസി പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നിരിക്കെ വികാരപരമായ പ്രശ്നങ്ങൾ ഉന്നയിക്കാനാണ് ബസവരാജ് ബൊമ്മൈ സർക്കാർ ശ്രമിക്കുന്നത് - ശിവകുമാർ പറഞ്ഞു.