ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്‌ത് കോണ്‍ഗ്രസ് പ്ലീനറി യോഗം. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി യോജിച്ച്, പ്രായോഗികമായ ഒരു ബദൽ രൂപീകരിക്കാൻ പാർട്ടി ആഗ്രഹിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങൾക്കെതിരായ തുടർച്ചയായ ആക്രമണം, ചൈനയുമായുള്ള അതിർത്തിയിലെ ദേശീയ സുരക്ഷ പ്രശ്‌നങ്ങൾ, എക്കാലത്തെയും ഉയർന്ന പണപ്പെരുപ്പം, തൊഴിലില്ലായ്‌മ തുടങ്ങിയ വെല്ലുവിളികൾ രാജ്യം നേരിടുന്നുണ്ടെന്ന് കോൺഗ്രസിന്‍റെ 85-ാം പ്ലീനറി സമ്മേളനത്തിൽ ഖാർഗെ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന് നിർണായകമായ ഒരു നേതൃത്വം നൽകാൻ കഴിയുന്ന ഏക പാർട്ടി കോൺഗ്രസാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രധാൻ സേവക് എന്ന് സ്വയം വിശേഷിപ്പിക്കുന്നയാൾ തന്‍റെ പ്രിയപ്പെട്ടവരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഖാര്‍ഗെ ആഞ്ഞടിച്ചു. ഇന്ത്യയിൽ ജനാധിപത്യം തകർക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും എന്നാൽ എല്ലാവരേയും ഒരുമിപ്പിക്കാനാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും പാർട്ടി പ്ലീനറി സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. നോട്ട് നിരോധനം, ജിഎസ്‌ടി, ഭരണഘടന മൂല്യങ്ങൾക്കെതിരായ തുടർച്ചയായ ആക്രമണം തുടങ്ങിയ നടപടികളെക്കുറിച്ചും അദ്ദേഹം കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.