ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ സംഘടനാതലത്തിൽ അഴിച്ചുപണിയുമായി കോൺഗ്രസ്. കേരളവും ഉത്തർപ്രദേശും അടക്കമുള്ള സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരെയാണ് മാറ്റി നിയമിച്ചത്. പാര്‍ട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് (Mallikarjun Kharge) നേതാക്കളുടെ ചുമതലകൾ പുതുക്കി നിശ്ചയിച്ച് ഉത്തരവിറക്കിയത് (Congress Reshuffle- Priyanka Gandhi Replaced as UP in Charge).
കേരളത്തിന്‍റെ ചുമതല താരിഖ് അന്‍വറിൽ നിന്ന് മാറ്റി ദീപാ ദാസ് മുൻഷിക്ക് കൈമാറി. കേരളം കൂടാതെ ലക്ഷദ്വീപിന്‍റെയും തെലങ്കാനയുടെയും ചുമതല ദീപാ ദാസ് മുൻഷിക്കുണ്ട്. ഉത്തർപ്രദേശിന്‍റെ ചുമതലയിൽ നിന്ന് പ്രിയങ്ക ഗാന്ധിയെയും കുമാരി സെൽജയെയും മാറ്റി പകരം അവിനാഷ് പാണ്ഡെയെ ജനറൽ സെക്രട്ടറിയാക്കി. ഇതോടെ പ്രിയങ്ക ഗാന്ധി ഒരു സംസ്ഥാനത്തിന്‍റെയും ചുമതലയില്ലാത്ത ജനറല്‍ സെക്രട്ടറിയായി തുടരും.
ഛത്തീസ്‌ഗഡിന്‍റെ ചുമതല സച്ചിൻ പൈലറ്റിന് നൽകി. കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി കെസി വേണുഗോപാൽ തുടരും. നിലവിൽ പ്രവര്‍ത്തക സമിതി അംഗമായ രമേശ് ചെന്നിത്തലയക്ക് മഹാരാഷ്ട്രയുടെ ചുമതലയും നല്‍കി.