പനാജി : എംഎല്‍എമാരെ റാഞ്ചല്‍ രാഷ്ട്രീയം ഗോവയില്‍ വീണ്ടും വിജയിപ്പിക്കാന്‍ ബിജെപി. ഗോവന്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ, ഭാര്യ ദലൈല, മുന്‍ മുഖ്യമന്ത്രി ദിംഗബര്‍ കാമത്ത് എന്നിവരടക്കം നാല് എംഎല്‍എമാര്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്തിന്‍റെ വീട്ടില്‍ എത്തി.
ഇതിന് പിന്നാലെ കൂറുമാറിയവര്‍ക്കെതിരെ നടപടിയുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. കോണ്‍ഗ്രസ് ലോബോയെ പ്രതിപക്ഷ സ്ഥാനത്ത് നിന്നും നീക്കി. എ ഐ സി സിയുടേതാണ് തീരുമാനം. ലോബോയും മുന്‍ മുഖ്യമന്ത്രിയായിരുന്ന ദിഗംബര്‍ കാമത്തും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദിനേഷ് ഗുണ്ടുറാവു ആരോപിച്ചു. കുറഞ്ഞത് എട്ട് കോണ്‍ഗ്രസ് എം എല്‍ എമാരെ സ്വന്തം പാളയത്തില്‍ എത്തിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.
പണം നല്‍കി ചാക്കിലാക്കി : തങ്ങളുടെ എംഎല്‍എമാര്‍ക്ക് വന്‍ തുകകളാണ് കൂറുമാറാന്‍ ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. വാഗ്ദാനം ചെയ്‌ത തുകയുടെ വലിപ്പം കേട്ട് താന്‍ ഞെട്ടിയെന്നും ഗുണ്ടുറാവു പറഞ്ഞു. അതേസമയം തങ്ങളുടെ ആറ് എം എല്‍ എമാര്‍ പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുന്നുണ്ടെന്നും ഇവരെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് ആരാധനലായങ്ങളിൽ പോയി സത്യം ചെയ്ത എംഎൽഎമാർ ദൈവ നിന്ദകൂടിയാണ് ഇപ്പോൾ ചെയ്യുന്നത്. നിലവിലെ സാഹചര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. കൂറുമാറിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
എന്നാൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ പ്രതികരണം. നിയമസഭ സമ്മേളനത്തിന് മുമ്പ് പല എംഎൽഎമാരും തന്നെ കാണാൻ വരാറുണ്ടെന്നാണ് ലോബോയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്.
നടന്നത് വന്‍ രാഷ്ട്രീയ നാടകം : നിയമസഭാസമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് ഗോവയിൽ രാഷ്ട്രീയ നാടകം ശക്തമായത്. കോണ്‍ഗ്രസിന് 11 എംഎല്‍എമാരാണുള്ളത്. അഞ്ച് എംഎൽഎമാരാണ് പിസിസി ഓഫിസിലെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
ലോബോ വന്നത് ബിജെപിയില്‍ നിന്ന് :നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് മൈക്കല്‍ ലോബോ ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയത്. ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചതായിരുന്നു പാർട്ടി മാറ്റത്തിന് കാരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദിഗംബർ കാമത്തിന് പകരം മൈക്കല്‍ ലോബോയെ കോൺഗ്രസ് പ്രതിപക്ഷ നേതാവാക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കേണ്ട സാഹചര്യത്തിൽ ഇപ്പോഴത്തെ നീക്കങ്ങൾ നിർണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.