അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന സർക്കാരിനെതിരെ 22 പോയിന്‍റുകളുൾപ്പെട്ട 'കുറ്റപത്രം' പുറത്തിറക്കി കോണ്‍ഗ്രസ്. ഗുജറാത്ത് സർക്കാരിന്‍റെ ഭരണം ജനവിരുദ്ധമാണെന്നും ഒരു ശരാശരി ഗുജറാത്ത് സ്വദേശിക്ക് സർക്കാരിൽ നിന്ന് ലഭിച്ചത് 'വിശപ്പും ഭയവും സ്വേച്ഛാധിപത്യവും' മാത്രമായിരുന്നുവെന്നും കുറ്റപത്രത്തിൽ കോണ്‍ഗ്രസ് ആരോപിച്ചു.
135 പേരുടെ മരണത്തിനിടയാക്കിയ മോർബി പാലം തകർന്ന സംഭവവും, ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ മോചിപ്പിച്ചതും, ഗുജറാത്ത് കലാപത്തിനിടെ അവരുടെ കുടുംബത്തിലെ ഏഴ് അംഗങ്ങളെ കൊലപ്പെടുത്തിയതും 'ഭരണഘടനാവിരുദ്ധം' എന്നാണ് കോണ്‍ഗ്രസ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. ഗുജറാത്തിന്‍റെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ തുടർച്ചയായ ജനവിരുദ്ധ ഭരണവും കെടുകാര്യസ്ഥതയും കൊണ്ട് നശിച്ചുവെന്നും കോൺഗ്രസ് ആരോപിക്കുന്നു.
തങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ വേളയിൽ ഈ വിഷയങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് കുറ്റപത്രം പുറത്തിറക്കിയതെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭരത് സിങ് സോളങ്കി പറഞ്ഞു. മഹാത്മാഗാന്ധിയുടെയും സർദാർ പട്ടേലിന്‍റെയും ഗുജറാത്തിന് വീണ്ടും അഭിമാനിക്കാൻ കോണ്‍ഗ്രസിന് വോട്ടിടണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അഴിഞ്ഞ് വീണ മുഖംമൂടി: ഒക്‌ടോബർ 30-ലെ മോർബി പാലം തകർന്ന സംഭവം ബിജെപി സൃഷ്‌ടിച്ച ദുരന്തമാണെന്നും മനുഷ്യജീവന് യാതൊരു വിലയുമില്ലാത്ത ബിജെപിയുടെ അഴിമതിയുടെ നേരിട്ടുള്ള ഫലമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളെ വിട്ടയക്കുന്നതിന് നിലവിലുള്ള വ്യവസ്ഥകളും ചർച്ചകളും സർക്കാർ അവഗണിച്ചതായും കോണ്‍ഗ്രസ് പറഞ്ഞു. ഇതിലൂടെ സ്‌ത്രി സുരക്ഷയെന്ന ബിജെപിയുടെ മുഖംമൂടി അഴിഞ്ഞുവീണെന്നും കുറ്റപത്രത്തിൽ പറയുന്നു.
മഹാത്മാഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിൽ ഗവർണർ ആചാര്യ ദേവവ്രതിനെ ചാൻസലറായി നിയമിച്ചതിന് ശേഷം തെറ്റായ രീതിയിലുള്ള കടന്നുകയറ്റമാണ് സർക്കാർ നടത്തിയത്. സർക്കാർ ഖജനാവ് ഉപയോഗിച്ച് സർക്കാർ അനുകൂല വ്യവസായികളെ സമ്പന്നരാക്കുക, സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകർക്കുക, ദാരിദ്ര്യം വർധിപ്പിക്കുക, അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കുക എന്നിവ ബിജെപി സർക്കാരിന്‍റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നുവെന്നും കുറ്റപത്രത്തിലൂടെ കോണ്‍ഗ്രസ് പരിഹസിച്ചു.