ജയ്‌പൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് (Rajastan Assembly Election) ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജസ്ഥാനില്‍ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി (Congress Released Election Manifesto In Rajastan). രാജസ്ഥാൻ പി സി സി ഓഫീസിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ (Mallikarjun Kharge), മുഖ്യമന്ത്രി അശോക് ഗെലോട്ട് (Ashok Gehlot), പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദോടസര, സിപി ജോഷി, സച്ചിൻ പൈലറ്റ് എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
‘ജൻ ഗോഷ്‌ണ പത്ര’ (Jan Ghoshna Patra) എന്ന പേരില്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ സർക്കാർ രൂപീകരണത്തിന് ശേഷം സംസ്ഥാനത്ത് ജാതി സെൻസസ് (Caste Census) നടത്തും എന്നതടക്കമുള്ള വാഗ്‌ദാനങ്ങളുണ്ട്. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ജനങ്ങൾക്ക് പാർട്ടി ഏഴ് വാഗ്‌ദാനങ്ങൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവ നിറവേറ്റുന്നതിനാണ് മുൻഗണനയെന്നും അശോക് ഗെലോട്ട് ചടങ്ങിൽ പറഞ്ഞു. 2030-ഓടെ പുതിയ രാജസ്ഥാൻ സൃഷ്‌ടിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും ഇത് മുന്നിൽ കണ്ടാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഴ് വാഗ്‌ദാനങ്ങൾ ഇങ്ങനെ:
- ഗൃഹ ലക്ഷ്‌മി യോജനയ്ക്ക് കീഴിൽ കുടുംബനാഥയ്ക്ക് 10,000 രൂപ വാർഷിക ഓണറേറിയം.
- 500 രൂപയ്ക്ക് 1.05 കോടി കുടുംബങ്ങൾക്ക് എൽപിജി സിലിണ്ടറുകൾ.
- കന്നുകാലികളെ വളർത്തുന്നവരിൽ നിന്ന് കിലോയ്ക്ക് 2 രൂപയ്ക്ക് ചാണകം വാങ്ങൽ.
- സർക്കാർ ജീവനക്കാർക്കുള്ള പഴയ പെൻഷൻ പുനഃസ്ഥാപിക്കാന്‍ നിയമനിർമാണം.
- സർക്കാർ കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് വിതരണം.
- പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്‌ടം നികത്താൻ ഒരു കുടുംബത്തിന് 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ.
- സംസ്ഥാനത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ വർധിപ്പിക്കും. വിദ്യാർഥികൾക്ക് ഇംഗ്ലീഷ് മീഡിയത്തില്‍ സകൂൾ വിദ്യാഭ്യാസം ഉറപ്പാക്കും.
സംസ്ഥാനത്തെ 3.32 കോടി ജനങ്ങൾ 'മിഷൻ 2030' നായി തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചെന്നും, പ്രകടനപത്രിക തയ്യാറാക്കുമ്പോൾ ഇവ മനസ്സിലുണ്ടായിരുന്നെന്നും ഗെലോട്ട് പറഞ്ഞു. കോൺഗ്രസ് എല്ലായ്‌പ്പോഴും പ്രകടനപത്രികയെ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. നിറവേറ്റാൻ കഴിയാത്ത വാഗ്‌ദാനങ്ങൾ നൽകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും ഗെലോട്ട് പറഞ്ഞു.