ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മികച്ച ആസൂത്രണവുമായി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയ രാഹുല്‍ ഗാന്ധി പാര്‍ട്ടി പുത്തൻ പരീക്ഷണങ്ങള്‍ക്ക് കോപ്പ് കൂട്ടുകയാണെന്ന സൂചന നൽകുന്നു. ബിജെപി നടപ്പിലാക്കി വിജയിച്ച ഓണ്‍ലൈൻ പ്രചാരണത്തിന് കോണ്‍ഗ്രസ് മുൻതൂക്കം നല്‍കുന്നുവെന്നാണ് റിപ്പോർട്ട്.
ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ തുടങ്ങിയവർ പാർട്ടി വിട്ടുപോയത് കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. പാർട്ടിയില്‍ നിന്ന് പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്ന സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. ഇത്തരം വിഷയങ്ങളെ പ്രതിരോധിക്കാൻ കോണ്‍ഗ്രസ് സൈബർ ടീം ഏറെ പാടുപെടുന്നതും പതിവാണ്.
ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയവരുടെ പട്ടിക നിരത്തി ബിജെപി സമൂഹമാധ്യമങ്ങളിൽ വൻ ക്യാമ്പയിൻ നടത്താറുണ്ട്. ഇതിനെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് സോഷ്യല്‍ മീഡിയ ടീമിന് നല്‍കുന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായത്.