ന്യൂഡൽഹി : ജാതി സെൻസസ് (caste census) വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi ) പാലിക്കുന്ന മൗനത്തെ ചോദ്യം ചെയ്‌ത് കോൺഗ്രസ്. സാമൂഹിക നീതിയും അവകാശങ്ങളും ഉറപ്പാക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് ജാതി സെൻസസ് നടപ്പാക്കുന്നില്ലെന്ന് കോൺഗ്രസ് പ്രതിനിധികൾ ഉന്നയിച്ചു. ബിഹാറിലും രാജസ്ഥാനിലും ജാതി സെൻസസ് നടപ്പാക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെയാണ് പാർട്ടി പരാമർശം.
രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഒബിസി (OBC) സമുദായത്തിൽപ്പെട്ടവരാണ് ജാതി സെൻസസ് നടപ്പാക്കണമെന്ന ആവശ്യം രാഹുൽ ഗാന്ധിയെ അറിയിച്ചതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് (Congress general secretary Jairam Ramesh) പറഞ്ഞു. വിഷയം രാഹുൽ ഗൗരവമായി തന്നെ എടുക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് രാജസ്ഥാൻ സർക്കാർ ജാതി അടിസ്ഥാനമാക്കിയുള്ള സർവേ നടത്താൻ തീരുമാനിച്ചത്. ഇത് സ്വാഗതാർഹമായ നടപടിയാണെന്നും രമേശ് എക്‌സിൽ കുറിച്ചു.
പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി സെൻസസ് സർക്കാരിനെ സഹായിക്കും. ഇതിലൂടെ ഓരോ സമുദായത്തിലേയും ജനസംഖ്യക്കനുസരിച്ച് സാമൂഹിക നീതി ഉറപ്പാക്കാനാകുമെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു. അതേസമയം, എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനങ്ങളിൽ പോലും ഇത്തരം നടപടികൾ സ്വീകരിക്കാത്തതെന്നും രമേശ് ചോദ്യം ഉന്നയിച്ചിരുന്നു.
രാജ്യത്ത് ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ജാതി സെൻസസ് കോൺഗ്രസ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തും. ബിഹാറിലാണ് ആദ്യം ജാതി സർവേ നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. പിന്നാലെ കഴിഞ്ഞ ദിവസം രാജസ്ഥാനിലും നടപ്പാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും (Ashok Gehlot) അറിയിക്കുകയായിരുന്നു. ജയ്‌പൂരിൽ നടന്ന സംസ്ഥാന പാർട്ടി യോഗത്തിന് ശേഷമാണ് ഗെലോട്ടിന്‍റെ പ്രഖ്യാപനം. രാജസ്ഥാനിലുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.