ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാനാകുമെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്ത് ബിജെപിയ്‌ക്ക് തിരിച്ചടിയേല്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷ ഉറപ്പാക്കുമെന്നും ബിജെപിയുടെ അത്തരം നീക്കങ്ങളെ തടയുമെന്നും മുന്‍ മുഖ്യമന്ത്രി എം വീരപ്പ മൊയ്‌ലി പറഞ്ഞു. സംസ്ഥാനത്തുടനീളം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ വിന്യസിച്ചിട്ടുണ്ടെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെ കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്നും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പ്രകാശ് റാത്തോഡ് പറഞ്ഞു.
'വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും, ബിജെപി ആക്രമണത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കും': കോണ്‍ഗ്രസ് - kerala news updates
കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പായ സാഹചര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ ആക്രമിക്കപ്പെടാന്‍ സാധ്യത. സംരക്ഷണമൊരുക്കാന്‍ ബെംഗളൂരുവിലെത്തിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്.
ഇന്ന് വൈകുന്നേരത്തോടെ തന്നെ കോണ്‍ഗ്രസ് എംഎല്‍എമാരെ തലസ്ഥാനത്ത് എത്തിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. അതിനായി ഹെലികോപ്‌റ്ററുകളും ചാര്‍ട്ടേഡ് വിമാനങ്ങളുമെല്ലാം സജ്ജമണെന്നും കോണ്‍ഗ്രസ് അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ആഴ്‌ചകളോളം സംസ്ഥാനത്ത് ക്യാമ്പ് ചെയ്‌ത കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം സംസ്ഥാന ഘടകം മേധാവി ഡികെ ശിവകുമാര്‍, സിഎൽപി നേതാവ് സിദ്ധരാമയ്യ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
ഈ യോഗത്തിലാണ് എംഎല്‍എമാര്‍ക്ക് ബിജെപിയില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ തീരുമാനമായത്. അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരെ വോട്ടയാടാന്‍ ബിജെപി ധൈര്യപ്പെടില്ലെന്നും പാര്‍ട്ടിയില്‍ അഭിപ്രായം ഉയരുന്നുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയായി എംഎല്‍എമാര്‍ ബെംഗളൂരുവിലെത്തിയതിന് പിന്നാലെ തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ യോഗം ചേരുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. ബിജെപി ഒരു തരത്തിലും തെരഞ്ഞെടുപ്പില്‍ വിജയിക്കില്ല. കഴിഞ്ഞ തവണ വിജയിച്ചത് പോലെ ഇത്തവണ അവര്‍ക്ക് വിജയിക്കാന്‍ സാധിക്കുകയില്ലെന്നും റാത്തോഡ് കൂട്ടിച്ചേര്‍ത്തു.